രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ (India vs England 3rd Test) നാട്ടിലേക്ക് മടങ്ങിയ രവിചന്ദ്രന്‍ അശ്വിന് (Ravichandran Ashwin) പകരക്കാരനായി ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal) ഫീല്‍ഡില്‍. കുടുംബത്തില്‍ ഒരാളുടെ ചികിത്സ ആവശ്യങ്ങള്‍ക്കായാണ് അശ്വിന്‍ മത്സരത്തില്‍ നിന്നും പിന്മാറിയതെന്നാണ് ബിസിസിഐ നല്‍കിയ സ്ഥിരീകരണം. അതേസമയം, അമ്മയ്‌ക്ക് സുഖമില്ലാത്തതുകൊണ്ടാണ് അശ്വിന്‍ ചെന്നൈയിലേക്ക് പോയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല (Rajiv Shukla) നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് അശ്വിന്‍റെ പകരക്കാരനായി ദേവ്‌ദത്ത് പടിക്കല്‍ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. ഫീല്‍ഡറായി ഗ്രൗണ്ടില്‍ ഇറങ്ങിയ ദേവ്‌ദത്തിന് മത്സരത്തില്‍ ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും സാധിക്കില്ല. ഒരു താരത്തിന് ഗുരുതരമായി പരിക്കേറ്റ് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൺകഷൻ സബ് ആയി എത്തുന്നവര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും കഴിയുന്നത്.
നേരത്തെ, മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ സാക് ക്രാവ്‌ലിയുടെ വിക്കറ്റ് നേടിയത് അശ്വിന്‍ ആയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാനും അശ്വിന് സാധിച്ചു. അനില്‍ കുംബ്ലെയാണ് ഈ നേട്ടത്തിലേക്ക് എത്തിയ ആദ്യ ഇന്ത്യൻ ബൗളര്‍ (R Ashwin Become The 2nd Indian To Took 500 Test Wickets).