മുംബൈ:ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തം മണ്ണില്‍ ഇന്ത്യ കൈവിട്ടതിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിന് നേരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഗംഭീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകൻ രവി ശാസ്‌ത്രി.
ദേശീയ ടീമിനൊപ്പമുള്ള ഗൗതം ഗംഭീറിന്‍റെ പരിശീലനത്തിന്‍റെ പ്രാരംഭ ഘട്ടമാണ് ഇതെന്നും ഇനിയും ആവശ്യത്തിന് സമയമുണ്ടെന്നും ശാസ്‌ത്രി വിശദീകരിച്ചു. 'രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ന്യൂസിലൻഡ് ഇന്ത്യയെ മനോഹരമായി തോൽപിച്ചു. ഇത് ചിന്തയ്ക്കുള്ള പ്രചോദനമാണ് (പരമ്പര തോൽവി). അദ്ദേഹം (ഗംഭീർ) ഇപ്പോൾ ജോലി ഏറ്റെടുത്തതേയുള്ളൂ.
ഇത്രയും വലിയ ഒരു ടീമിന്‍റെ പരിശീലകനാകുന്നത് ഒരിക്കലും എളുപ്പമല്ല. ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ ദിവസങ്ങളാണ്. പക്ഷേ അദ്ദേഹം ഉടൻ പഠിക്കും'- പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ രവി ശാസ്‌ത്രി പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റുകളും തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യയ്‌ക്ക് പരമ്പര നഷ്‌ടമായത്. 12 വർഷത്തിന് ശേഷം ഇതാദ്യമായാണ് ടീം ഇന്ത്യ നാട്ടിൽ ടെസ്റ്റ് പരമ്പര തോൽക്കുന്നത്.