മുംബൈ: രഞ്ജി ട്രോഫി (Ranji Trophy) സെമി ഫൈനലില്‍ മുംബൈയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ തമിഴ്‌നാട് ക്യാപ്റ്റന്‍ ആര്‍ സായ് കിഷോറിനെ ( R Sai Kishore ) പരസ്യമായി തള്ളിപ്പറഞ്ഞ് പരിശീലകന്‍ സുലക്ഷൺ കുല്‍ക്കര്‍ണി (Sulakshan Kulkarni). മത്സരത്തില്‍ ടോസ് നേടിയ ശേഷം ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമാണ് തമിഴ്‌നാടിന്‍റെ തോല്‍വിക്ക് കാരണമെന്നാണ് സുലക്ഷൺ കുല്‍ക്കര്‍ണി പറയുന്നത്.
ബാറ്റ് ചെയ്യാനിറങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് മത്സരം നഷ്‌ടമായിരുന്നതായും തമിഴ്‌നാട് പരിശീലകന്‍ പറഞ്ഞു. "കാര്യങ്ങള്‍ ഉള്ളതുപോലെ പറയുന്ന ഒരാളാണ് ഞാന്‍. ആദ്യ ദിനത്തില്‍ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ക്ക് ഈ മത്സരം നഷ്‌ടമായിരുന്നു. അതിന് മുന്നെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ഞങ്ങള്‍ ടോസ് വിജയിച്ചു.
ഒരു പരിശീലകന്‍ എന്ന നിലയിലും ഒരു മുംബൈക്കാരന്‍ എന്ന നിലയിലും ഈ പിച്ചിലെ സാഹചര്യങ്ങള്‍ എനിക്ക് അറിയാമായിരുന്നു. ടോസ് നേടിയാല്‍ ആദ്യം ബോള്‍ ചെയ്യണമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ മറ്റൊരു തീരുമാനമാണ് എടുത്തത്. അദ്ദേഹത്തിന്‍റെ ചിന്ത മറ്റൊരു തരത്തിലായിരിക്കാം. ക്യാപ്റ്റനെന്ന നിലയില്‍ ആത്യന്തികമായി അദ്ദേഹമാണ് ബോസ്. എനിക്കെന്‍റെ അഭിപ്രായവും ആവശ്യമായ നിര്‍ദേശങ്ങളുമേ നല്‍കാന്‍ കഴിയൂ.
ആദ്യ ഓവറില്‍ തന്നെ ഞങ്ങളുടെ ഇന്‍റര്‍നാഷണല്‍ പ്ലെയര്‍ വിക്കറ്റായി. പിന്നീട് ആദ്യ മണിക്കൂറില്‍ ഞങ്ങള്‍ മത്സരം തന്നെ നഷ്‌ടമാവുകയും ചെയ്‌തു. തിരിച്ചുവരവ് ഏറെ പ്രയാസകരമായിരുന്നു. എന്തു തന്നെ ആയാലും അതു ക്യാപ്റ്റന്‍റെ തീരുമാനമായിരുന്നു. അതു മത്സരത്തിന്‍റെ വിധി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു" -സുലക്ഷൺ കുല്‍ക്കര്‍ണി പറഞ്ഞു.