മുംബൈ: ശാര്‍ദുല്‍ താക്കൂറിന്‍റെ (Shardul Thakur) ഓള്‍റൗണ്ടര്‍ പ്രകടന മികവില്‍ രഞ്ജി ട്രോഫി ( Ranji Trophy) ഫൈനലില്‍ കടന്ന് മുംബൈ. സെമി ഫൈനല്‍ മത്സരത്തില്‍ തമിഴ്നാടിനെ ഇന്നിങ്‌സിനും 70 റണ്‍സിനുമാണ് മുംബൈ തകര്‍ത്തത് (Mumbai vs Tamil Nadu). ഇതു 47-ാം തവണയാണ് മുംബൈ രഞ്‌ജി ട്രോഫി ഫൈനലില്‍ എത്തുന്നത്.
ആദ്യ ഇന്നിങ്‌സില്‍ 232 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ തമിഴ്‌നാട് 162 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 105 പന്തില്‍ 70 റണ്‍സ് എടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിനായി രണ്ടാം ഇന്നിങ്‌സില്‍ പൊരുതി നോക്കിയത്. മുംബൈക്കായി ഷംസ് മുലാനി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.
രണ്ട് വിക്കറ്റുകള്‍ വീതം നേടി ശാര്‍ദുല്‍ താക്കൂര്‍, തനുഷ് കൊടിയാൻ, മൊഹിത് അവാസ്‌തി എന്നിവരും ചേര്‍ന്ന് തമിഴ്‌നാടിന്‍റെ തകര്‍ച്ചയില്‍ നിര്‍ണായകമായി. 10 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ തമിഴ്‌നാടിന് നഷ്‌ടമായിരുന്നു. സായ് സുദര്‍ശന്‍ (5), എന്‍ ജഗദീഷന്‍ (0), വാഷിങ്‌ടണ്‍ സുന്ദര്‍ (4) എന്നിവരാണ് വന്നപാടെ മടങ്ങിയത്.
തുടര്‍ന്ന് ഒന്നിച്ച ബാബ ഇന്ദ്രജിത്തും പ്രദോഷ് രഞ്ജൻ പോളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ 73 റണ്‍സ് ചേര്‍ത്ത സഖ്യം പ്രദോശിനെ (25) വീഴ്‌ത്തിയാണ് മുംബൈ പൊളിച്ചത്. പിന്നാലെ ബാബ ഇന്ദ്രജിത്തിനെയും മുംബൈ ബോളര്‍മാര്‍ പിടിച്ചുകെട്ടി. തുടര്‍ന്നെത്തിയവരില്‍ വിജയ് ശങ്കര്‍ (24), ആര്‍ സായ് കിഷോര്‍ (21) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.