തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിങ്സില്‍ 116 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം വിജയം സ്വന്തമാക്കിയത്. 233 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച യുപി അവസാന ദിനം ആദ്യ സെഷനിൽത്തന്നെ 37.5 ഓവറിൽ 116 റൺസിന് പുറത്താവുകയായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി ജലജ് സക്‌സേന 41 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ എടുത്തപ്പോള്‍ ആദിത്യ സർവാതെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ സക്‌സേന 5 വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ സക്സേനയുടെ മാന്ത്രിക പ്രകടനമാണ് കേരളത്തിന്‍റെ ജയം എളുപ്പമാക്കിയത്. ഇന്നിങ്സ് വിജയമായതിനാല്‍ കേരളത്തിന് ബോണസ് പോയന്‍റ് കൂടി ലഭിക്കും.
38 റണ്‍സെടുത്തി മാധവ് കൗഷിക്കാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആര്യൻ ജുയൽ (12), പ്രിയം ഗാർഗ് (22), നിതീഷ് റാണ (15), സിദ്ധാർഥ് യാദവ് (14), ആഖിബ് ഖാൻ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്. വെറും 32 റൺസിനിടെയാണ് അവസാന എട്ടു വിക്കറ്റുകളും യുപിക്ക് നഷ്ടമായത്.