അഹമ്മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണിലെ ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വി വഴങ്ങിയിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് എട്ട് വിക്കറ്റിനായിരുന്നു ഹൈദരാബാദ് തോല്‍വി സമ്മതിച്ചത്. മത്സരത്തില്‍ ടോസ് ജയിച്ച് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാറ്റ് കമ്മിന്‍സിന്‍റെ സംഘത്തിന് തൊട്ടതെല്ലാം പിഴയ്‌ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.
പവര്‍പ്ലേ പൂര്‍ത്തിയാകും മുമ്പ് നാല് വിക്കറ്റുകളായിരുന്നു ടീമിന് നഷ്‌ടമായത്. പിന്നീട് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയ പ്രകടനം നടത്തിയത് രാഹുല്‍ ത്രിപാഠി- ഹെൻറിച്ച് ക്ലാസന്‍ സഖ്യമാണ്. ക്ലാസനെ വീഴ്‌ത്തിയാണ് 62 റണ്‍സ് കൂട്ടിചേര്‍ത്ത സഖ്യം കൊല്‍ക്കത്ത പൊളിച്ചത്. പിന്നീട് ഒരറ്റത്ത് റണ്‍സ് ഉയര്‍ത്താനായിരുന്നു രാഹുല്‍ ത്രിപാഠി ശ്രമിച്ചത്.
മികച്ച രീതിയില്‍ കളിക്കവെ താരം ഏറെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാകുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. 35 പന്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 55 റണ്‍സ് എടുത്തായിരുന്നു ത്രിപാഠിയുടെ മടക്കം. മത്സരത്തിലെ വഴിത്തിരിവായിരുന്നു താരത്തിന്‍റെ പുറത്താവല്‍. കനത്ത നിരാശയോടെ ഗ്രൗണ്ട് വിട്ട ത്രിപാഠി കണ്ണീരോടെ ഡ്രസിങ് റൂമിലേക്കുള്ള പടിയില്‍ ഇരിക്കുന്നതിന്‍റെ ദൃശ്യം വൈറലാണ്.