മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണിലാണ് ഇംപാക്‌ട് പ്ലെയര്‍ നിയമം നടപ്പിലാക്കുന്നത്. ഈ സീസണിലേക്ക് എത്തിയപ്പോള്‍ നിയമത്തിനെതിരെ ഏറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇല്ലാതാക്കുന്നതാണ് ഇംപാക്‌ട് പ്ലെയര്‍ നിയമെന്നതാണ് പ്രധാന വിമര്‍ശനം.
ഇതിനെതിരെ സംസാരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇംപാക്‌ട് പ്ലെയര്‍ നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. നിയമം നല്ലതാണെന്നും കാലത്തിന് അനുസരിച്ചുള്ള പരിണാമം ആവശ്യമാണെന്നുമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന അശ്വിന്‍ പറയുന്നത്.
ഇതു സംബന്ധിച്ച് തന്‍റെ യൂട്യൂബ് ചാനലിൽ അശ്വിന്‍ നടത്തിയ പ്രതികരണം ഇങ്ങനെ.... "ഇംപാക്‌ട് പ്ലെയർ നിയമം നല്ലതാണ്. നിങ്ങൾ കാലത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. മറ്റ് കായിക ഇനങ്ങളിലും ഈ പരിണാമം സംഭവിക്കുന്നുണ്ട്. കൂടുതല്‍ ടൈറ്റ് ഫിനിഷിങ്ങുകള്‍ക്ക് ഇതു വഴിയൊരുക്കുന്നു"- അശ്വിന്‍ പറഞ്ഞു.
നേരത്തെ, ഇന്ത്യയുടെ മുന്‍ താരവും പരിശീലകനും കൂടിയായിരുന്ന രവി ശാസ്‌ത്രിയും നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഏതെങ്കിലും പുതിയ നിയമം വരുമ്പോൾ, അത് ശരിയല്ലെന്ന് ന്യായീകരിക്കാൻ ശ്രമിക്കുന്ന ആളുകളുമുണ്ടാവും എന്നായിരുന്നു രവി ശാസ്‌ത്രിയുടെ വാക്കുകള്‍.