റാഞ്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുംതോറും നിരവധിയായ റെക്കോഡുകള്‍ കൂടെക്കൂട്ടുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ (R Ashwin). റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ (India vs England 4th Test) തന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇംഗ്ലണ്ടിനെതിരെ ഫോര്‍മാറ്റില്‍ 100 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറായിരിക്കുകയാണ് അശ്വിന്‍. ഇതോടൊപ്പം തന്നെ മറ്റൊരു നേട്ടവും ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ക്ക് സ്വന്തമായിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ 100 വിക്കറ്റും 1000-ലധികം റൺസും നേടുന്ന ചരിത്രത്തിലെ നാലാമത്തെ മാത്രം താരമായാണ് അശ്വിൻ മാറിയിരിക്കുന്നത്. ഇംഗ്ലീഷ് ടീമിനെതിരെ ഇതേവരെ 1085 റണ്‍സാണ് അശ്വിന്‍റെ അക്കൗണ്ടിലുള്ളത്. വെസ്റ്റ് ഇൻഡീസിന്‍റെ ഗാരി സോബേഴ്‌സ് (3214 റൺസും 102 വിക്കറ്റും), ഓസ്‌ട്രേലിയയുടെ മോണ്ടി നോബിൾ (1905 റൺസും 115 വിക്കറ്റും), ജോര്‍ജ് ഗിഫൻ (1238 റൺസും 103 വിക്കറ്റും) എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.
മികച്ച രീതിയില്‍ കളിക്കുകയായിരുന്ന ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയായിരുന്നു അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരത്തിനിടെ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ എന്ന ചരിത്ര നാഴികക്കല്ലിലേക്ക് എത്താന്‍ അശ്വിന് കഴിഞ്ഞിരുന്നു. ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ഒമ്പതാമത്തെ ബോളറും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് അശ്വിന്(R Ashwin Test Record).