ന്യൂഡൽഹി: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്‌മിന്‍റണില്‍ പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ സിംഗപ്പൂരിന്‍റെ ജിയാ ഹെങ് ജേസൺ തെഹിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ ജേതാവായത്. എതിരാളിയെ 21-6, 21-7ന് തോൽപ്പിച്ചാണ് സെൻ കിരീടം നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വു ലുവ് യുവിനെ വീഴ്ത്തിയാണ് സിന്ധുവിന്‍റെ കിരീട നേട്ടം. വനിതാ ഡബിൾസില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും ചാമ്പ്യന്‍മാരായി.
പിവി സിന്ധു ചൈനീസ് എതിരാളിക്കെതിരെ അനായാസ വിജയം നേടുകയായിരുന്നു. നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് മത്സരം സ്വന്തമാക്കി. 21-14, 21-16 എന്ന സ്‌കോറിനായിരുന്നു ജയം. ഇതോടെ ഏറ്റവും കൂടുതൽ കിരീടങ്ങൾ (3) നേടിയവരുടെ കൂട്ടത്തിൽ സൈന നെഹ്‌വാളിനൊപ്പം സിന്ധുവും ഒപ്പമെത്തി. നേരത്തെ 2017, 2022 വര്‍ഷങ്ങളില്‍ താരം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്നു മത്സരിച്ചില്ല.