ചെന്നൈ :ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തുടര്‍ച്ചയായി കൂടുതല്‍ ജയങ്ങള്‍ എന്ന മുംബൈ ഇന്ത്യൻസിന്‍റെ റെക്കോഡിനൊപ്പമെത്തി പഞ്ചാബ് കിങ്‌സ്. ചെപ്പോക്കില്‍ കഴിഞ്ഞ ദിവസം ചെന്നൈയെ ഏഴ് വിക്കറ്റിന് തകര്‍ത്തതോടെയാണ് പഞ്ചാബ് ഈ നേട്ടത്തിലേക്ക് എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തുടര്‍ച്ചയായ അഞ്ചാമത്തെ ജയം ആയിരുന്നു പഞ്ചാബ് കിങ്‌സ് ഇന്നലെ (മെയ് 1) സ്വന്തമാക്കിയത്.
2018-19 വര്‍ഷങ്ങളില്‍ ആയിരുന്നു ചെന്നൈയ്‌ക്കെതിരായ മുംബൈ ഇന്ത്യൻസിന്‍റെ ആധിപത്യം. 2018ല്‍ ഒരു മത്സരത്തില്‍ ആണ് ചെന്നൈയെ മുംബൈ പരാജയപ്പെടുത്തിയത്. 2019ല്‍ ഫൈനല്‍ ഉള്‍പ്പടെ നാല് മത്സരങ്ങളില്‍ ആയിരുന്നു മുംബൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്തത്.
2021 ഒക്‌ടോബര്‍ ഏഴിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പഞ്ചാബ് കിങ്‌സിന്‍റെ വിജയപരമ്പരയ്‌ക്ക് തുടക്കമായത്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന് ആറ് വിക്കറ്റിനായിരുന്നു പഞ്ചാബ് ചെന്നൈയെ തകര്‍ത്തത്. 2022ല്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും പഞ്ചാബ് ജയം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ അവസാന പന്ത് വരെ പോരാടിയാണ് പഞ്ചാബ് കിങ്‌സ് ചെന്നൈയ്‌ക്കെതിരെ ആവേശ ജയം സ്വന്തമാക്കിയത്.
അവസാന അഞ്ച് മത്സരങ്ങളില്‍ പഞ്ചാബിനോട് തോറ്റെങ്കിലും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് ഇപ്പോഴും നേരിയ മുൻതൂക്കം. ഇരു ടീമുകളും മുഖാമുഖം പോരാടിയ 29 കളികളില്‍ 15 എണ്ണവും ജയിച്ചത് ചെന്നൈയാണ്. 14 മത്സരങ്ങളിലാണ് പഞ്ചാബ് ചെന്നൈയെ തകര്‍ത്തിട്ടുള്ളത്.