പാരിസ് :ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ (UEFA Champions League Round Of 16) ഒന്നാം പാദ മത്സരം ജയിച്ച് പിഎസ്‌ജി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സ്‌പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെയാണ് ഫ്രഞ്ച് ക്ലബ് തകര്‍ത്തത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മത്സരത്തില്‍ പിഎസ്‌ജിയുടെ ജയം (PSG vs Real Sociedad Result).
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe), ബ്രാഡ്‌ലി ബര്‍കോള (Bradley Barcola) എന്നിവരാണ് മത്സരത്തില്‍ പിഎസ്‌ജിക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളുടെയും പിറവി. ഈ ജയത്തോടെ, ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാൻ പിഎസ്‌ജിക്കായി.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. ഏഴാം മിനിറ്റില്‍ തന്നെ എംബാപ്പെ റയല്‍ സോസിഡാഡ് ഗോള്‍ കീപ്പറെ പരീക്ഷിച്ചു. തൊട്ടുപിന്നാലെ, സന്ദര്‍ശകരും പിഎസ്‌ജി പ്രതിരോധത്തെ വിറപ്പിച്ചു.
ഒന്നിന് പിറകെ ഒരോന്നായി ഇരു ടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ആതിഥേയരായ പിഎസ്‌ജിയേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചത് സന്ദര്‍ശകരായ റയല്‍ സോസിഡാഡായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മുന്നേറ്റനിര താരം മെന്‍ഡിസിന്‍റെ തകര്‍പ്പന്‍ ഒരു ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് പോയതും മത്സരത്തില്‍ സ്‌പാനിഷ് ക്ലബിന് തിരിച്ചടിയായി.