ന്യൂഡൽഹി: മുംബൈയിൽ മഷാൽ സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 11 ന്‍റെ താരലേലത്തിന്‍റെ ആദ്യ ദിനത്തിൽ സച്ചിൻ ഏറ്റവും വിലകൂടിയ താരമായി. 2.15 കോടി രൂപയ്ക്ക് തമിഴ് തലൈവാസ് സച്ചിനെ സ്വന്തമാക്കി. വിലകൂടിയ വിദേശ താരമായ മൊഹമ്മദ്രേസ ഷാദ്‌ലോയ് ചിയാനെ ഹരിയാന സ്റ്റീലേഴ്‌സ് 2.07 കോടി രൂപയ്ക്ക് സ്വന്തമാക്കി. ലേലത്തിൽ രണ്ട് കോടിയിലധികം രൂപയ്ക്ക് വാങ്ങുന്ന ആദ്യ വിദേശ താരമായി മൊഹമ്മദ്രേസ.
ആദ്യദിനത്തില്‍ 20 കളിക്കാരെ 12 ഫ്രാഞ്ചൈസി ടീമുകൾ സ്വന്തമാക്കി. 3 ഫൈനൽ ബിഡ് മാച്ച് കാർഡുകൾ ആദ്യ ദിവസം ഉപയോഗിച്ചു. ബംഗാൾ വാരിയേഴ്‌സ്, തെലുങ്ക് ടൈറ്റൻസ്, ഗുജറാത്ത് ജയന്‍റ്സ് എന്നിവർ യഥാക്രമം മനീന്ദർ സിങ്, പവൻ സെഹ്‌രാവത്, സോംബിർ എന്നിവർക്കായി എഫ്ബിഎം കാർഡുകൾ ഉപയോഗിച്ചു.
സച്ചിൻ, മൊഹമ്മദ്‌രേസ ഷാദ്‌ലോയ് ചിയാനെ, ഗുമാൻ സിങ്, പവൻ സെഹ്‌രാവത്, ഭരത്, മനീന്ദർ സിങ്, അജിങ്ക്യ പവാർ, സുനിൽ കുമാർ എന്നിവരാണ് ആദ്യദിനലേലത്തില്‍ ഒരു കോടി രൂപ ക്ലബ്ബിൽ ഇടം നേടിയത്. 1.015 കോടി രൂപയ്ക്ക് സുനിൽ കുമാറിനെ യു മുംബ സ്വന്തമാക്കി. സുനില്‍ എക്കാലത്തെയും വിലകൂടിയ ഇന്ത്യൻ ഡിഫൻഡറായി. പികെഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയ്‌ഡ് പോയിന്‍റ് നേടിയ താരം പർദീപ് നർവാളിനെ 70 ലക്ഷം രൂപയ്ക്ക് ബെംഗളൂരു ബുൾസ് സ്വന്തമാക്കിയപ്പോൾ പരിചയ സമ്പന്നനായ ഡിഫൻഡർ സുർജീത് സിങ്ങിനെ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് 60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.