ഗുവാഹത്തി: ഐപിഎല്ലില്‍ പ്ലേ ഓഫില്‍ കടന്ന രാജസ്ഥാൻ റോയല്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ആണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റാനായിരുന്നു രാജസ്ഥാനെതിരെ പഞ്ചാബിന്‍റ ജയം.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയല്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടിയത്. 34 പന്തില്‍ 48 റണ്‍സ് അടിച്ച റിയാൻ പരാഗ് ആയിരുന്നു റോയല്‍സിന്‍റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ട പഞ്ചാബ് ഏഴ് പന്ത് ശേഷിക്കെ സാം കറന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു.
145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേയ്‌ക്ക് ഉള്ളിലാണ് അവര്‍ക്ക് ആദ്യ മൂന്ന് വിക്കറ്റും നഷ്‌ടമായത്. ആദ്യ ഓവറിലെ നാലാം പന്തില്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ (6) ട്രെന്‍റ് ബോള്‍ട്ട് പുറത്താക്കുകയായിരുന്നു.
പിന്നാലെ അഞ്ചാം ഓവറില്‍ ആവേശ് ഖാന്‍റെ ഇരട്ടപ്രഹരം. റിലീ റൂസോ (22), ശശാങ്ക് സിങ് (0) എന്നിവരെയാണ് ആവേശ് മടക്കിയത്. എട്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയുടെ (14) വിക്കറ്റ് യുസ്‌വേന്ദ്ര ചഹാലും നേടിയതോടെ 48-4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്‌റ്റൻ സാം കറൻ ജിതേഷ് ശര്‍മ സഖ്യമാണ് പിന്നീട് പഞ്ചാബിന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ജിതേഷിനെ (22) പുറത്താക്കി ചഹാലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ അഷുതോഷ് ശര്‍മയെ (17) കൂട്ടുപിടിച്ചായിരുന്നു സാം കറൻ (41 പന്തില്‍ 63) പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയല്‍സിന് മത്സരത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിവേക്ക് ഉയരാൻ സാധിച്ചില്ല. റിയാൻ പരാഗ് (48), രവിചന്ദ്രൻ അശ്വിൻ (28) എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചത്. ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ 18 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പഞ്ചാബിനായി പന്തെറിഞ്ഞ സാം കറൻ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമാണ് നേടിയത്.
Also Read :ടി20 ലോകകപ്പില്‍ പന്തോ സഞ്‌ജുവോ ; കളിപ്പിക്കുക ഈ താരത്തെയെന്ന് ഗംഭീര്‍, നിരത്തുന്നത് 2 കാരണങ്ങള്‍ - Rishabh Pant Vs Sanju Samson