മൊഹാലി : ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മുല്ലാൻപൂരില്‍ പഞ്ചാബ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെയാണ് ഗുജറാത്ത് മറികടന്നത്. 18 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ തെവാട്ടിയയുടെ മികവിലായിരുന്നു ടൈറ്റൻസ് ജയം പിടിച്ചെടുത്തത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്‌പിന്നര്‍മാര്‍ നിശ്ചിത ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഗുജറാത്തിന് വേണ്ടി സായ് കിഷോര്‍ നാലും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. 21 പന്തില്‍ 35 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങ് ആയിരുന്നു പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഓപ്പണര്‍ വൃദ്ധിമാൻ സാഹയെ തുടക്കത്തില്‍ തന്നെ നഷ്‌ടമായി. 11 പന്തില്‍ 13 റണ്‍സ് നേടിയ ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററെ അര്‍ഷ്‌ദീപ് സിങ്ങാണ് പറഞ്ഞയച്ചത്. രണ്ടാം വിക്കറ്റില്‍ ശുഭ്‌മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ഗുജറാത്ത് സ്കോര്‍ ഉയര്‍ത്തി.
പത്താം ഓവറിലെ മൂന്നാം പന്തില്‍ ശുഭ്‌മാൻ ഗില്ലിനെ (29 പന്തില്‍ 35) വീഴ്‌ത്തി ലിയാം ലിവിങ്‌സ്റ്റണ്‍ ആണ് ഇവരുടെ 41 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. തന്‍റെ അടുത്ത ഓവറില്‍ ഡേവിഡ് മില്ലറേയും (4) ലിയാം ലിവിങ്സ്റ്റണ് സാധിച്ചു. ഇതോടെ, 11.5 ഓവറില്‍ 77-3 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു.
പിന്നാലെ, സായ് സുദര്‍ശൻ (34 പന്തില്‍ 31), അസ്‌മത്തുള്ള ഒമര്‍സായി (10 പന്തില്‍ 13) എന്നിവരും പുറത്തായി. അവസാന മൂന്ന് ഓവറില്‍ നിന്നായി 25 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. 18-ാം ഓവര്‍ എറിയാനെത്തിയ കഗിസോ റബാഡയ്‌ക്കെതിരെ രാഹുല്‍ തെവാട്ടിയയും ഷാരൂഖ് ഖാനും ചേര്‍ന്ന് 20 റണ്‍സ് അടിച്ചെടുത്തു.
19-ാം ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖും (4 പന്തില്‍ 8), അവസാന പന്തില്‍ റാഷിദ് ഖാനും (0) മടങ്ങി. എന്നാല്‍, അവസാന ഓവര്‍ പന്തെറിയാനെത്തിയ അര്‍ഷ്‌ദീപ് സിങ്ങിനെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച് തെവാട്ടിയ ഗുജറാത്തിന് ജയം സമ്മാനിക്കുകയായിരുന്നു. സീസണില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ നാലാമത്തെ ജയമാണിത്. ജയത്തോടെ, പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ശുഭ്‌മാൻ ഗില്ലിനും സംഘത്തിനുമായി.
Also Read :ഐപിഎല്ലില്‍ നാടകീയ വിജയവുമായി കൊല്‍ക്കത്ത; വീണ്ടും തോറ്റ് ബെംഗളൂരു - IPL 2024 KKR Vs RCB Result