ധരംശാല :ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാൻ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങും. നിലനില്‍പ്പിനായി പോരടിക്കുന്ന പഞ്ചാബ് കിങ്സ് ആണ് മത്സരത്തില്‍ സൂപ്പര്‍ കിങ്‌സിന്‍റെ എതിരാളികള്‍. ധരംശാലയില്‍ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ കളിയില്‍ ചെപ്പോക്കില്‍ കയറി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് ഇന്ന് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ ജയം. ഇന്ന് ധരംശാലയില്‍ സൂപ്പര്‍ കിങ്‌സിനെ നേരിടാൻ ഇറങ്ങുമ്പോള്‍ അവര്‍ക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ തുടര്‍ച്ചയായ ആറാം ജയം കൂടിയാണ് പഞ്ചാബ് കിങ്‌സ് ലക്ഷ്യമിടുന്നത്.
പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ അവരുടെ പ്ലേ ഓഫ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ കനത്ത പോരാട്ടം കാഴ്‌ചവയ്‌ക്കാനാകും പഞ്ചാബിന്‍റെ ശ്രമം.
വെറ്ററൻ ബാറ്റര്‍ ശിഖര്‍ ധവാൻ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തില്‍ സാം കറന് കീഴില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ തന്നെയാകും പഞ്ചാബ് ഇന്ന് കളിക്കാൻ ഇറങ്ങുക. ജോണി ബെയര്‍സ്റ്റോ, ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരുടെ പ്രകടനം ബാറ്റിങ്ങിലും ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം ബൗളിങ്ങിലും പഞ്ചാബിന് നിര്‍ണായകമാകും.
മറുവശത്ത് 2021ന് ശേഷം പഞ്ചാബ് കിങ്സിനെതിരെ ജയിക്കാനായിട്ടില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ വരവ്. പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ അവര്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഇന്നത്തെ കളിയില്‍ ജയം അനിവാര്യമാണ്. സീസണില്‍ ഇതുവരെയുള്ള പത്ത് കളിയില്‍ അഞ്ച് ജയം സ്വന്തമാക്കിയ ചെന്നൈയ്‌ക്ക് 10 പോയിന്‍റാണ് നിലവില്‍.