പാരീസ്:ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്ന് ഇന്ത്യയുടെ സുവര്‍ണ താരം നീരജ് ചോപ്ര. 84 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്. എന്നാല്‍ ആദ്യ ഏറില്‍ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. തുടർച്ചയായ രണ്ടാം തവണയാണ് നീരജ് ഒളിമ്പിക് ഫൈനലിലെത്തിയത്. നീരജ് ചോപ്രയുടെ എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ ഫൈനലില്‍ പ്രവേശിച്ചു.
86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിലാണ് നീരജും അര്‍ഷദും മത്സരിച്ചത്. ജര്‍മനിയുടെ ജോസഫ് വെബര്‍, കെനിയയുടെ ജൂലിയന്‍ യെഗോ, ലോക ഒന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‌ലെജ്, ഫിന്‍ലന്‍ഡിന്‍റെ ടോണി കെരാനന്‍ എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ മറ്റു താരങ്ങള്‍.
ടോക്കിയോ ഗെയിംസിലെ മികച്ച പ്രകടനത്തിന് ശേഷം 2022 ലെ ഡയമണ്ട് ലീഗ് കിരീടവും 2023 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലും നേടി നീരജ് തിളങ്ങി. ഇപ്പോൾ ജാവലിൻ ത്രോയിൽ നിലവിലെ ലോക ചാമ്പ്യനായി പാരീസ് ഒളിമ്പിക്‌സില്‍ എത്തിയിരിക്കുകയാണ് നീരജ്. അതേസമയം ഇന്ത്യയുടെ മറ്റൊരു പുരുഷ താരമായ കിഷോര്‍ ജെനക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. യോഗ്യതാ റൗണ്ടിൽ 80.73 മീറ്ററാണ് ജെന എറിഞ്ഞത്.
പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിന്‍റെ ഫൈനൽ ഓഗസ്റ്റ് 8 ന് രാത്രി 11:55 ന് നടക്കും. നീരജ് ചോപ്ര ഒരിക്കൽ കൂടി സ്വർണ മെഡൽ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
Also Read:വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു; പരാജയപ്പെടുത്തിയത് ഒരു അന്താരാഷ്ട്ര മത്സരത്തിലും തോറ്റിട്ടില്ലാത്ത ജാപ്പനീസ് താരത്തെ - Vinesh Phogat reached the quarters