പാരീസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കി സെമിഫൈനലിൽ ഇന്ത്യൻ ടീം ഇന്ന് (ഓഗസ്റ്റ് 6) ജർമ്മനിയെ നേരിടും. 44 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഫൈനലിൽ കടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ജർമ്മനിയുടെ വെല്ലുവിളി മറികടന്നാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനും വെള്ളി മെഡൽ ഉറപ്പാക്കാനും കഴിയുകയുള്ളു. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്. അർജന്‍റീനയെ 3-2ന് പരാജയപ്പെടുത്തിയാണ് ജർമനി ഹോക്കി ടീം സെമിയിലെത്തിയത്.
ഇന്ത്യയും ജർമ്മനിയും ഇതുവരെ തമ്മിൽ 35 ഹോക്കി മത്സരങ്ങളാണ് കളിച്ചത്. ഇതിൽ ജർമ്മനിക്കാണ് മുൻതൂക്കമുള്ളത്. 35 മത്സരങ്ങളിൽ 16ലും ജർമ്മനി ജയിച്ചു. ഇന്ത്യ 12 തവണ ജയിച്ചു. ഇരു ടീമുകളും തമ്മിൽ നടന്ന 7 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ, കഴിഞ്ഞ 5 മത്സരങ്ങളിൽ ജർമനിക്കെതിരെ ഇന്ത്യ 3-2ന്‍റെ ലീഡ് നേടിയിരുന്നു.
2020ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സിൽ ജർമ്മനിയെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു. ആവേശകരമായ ഈ മത്സരത്തിൽ 5-4ന് ഇന്ത്യ വിജയിച്ചു. അതിനുശേഷം പ്രോ ലീഗിൽ ഇരു ടീമുകളും തമ്മിൽ ആകെ 6 മത്സരങ്ങൾ കളിച്ചു. ഇതിൽ 5 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു.