പാരിസിലെ ലാ ഷാഫെല്ലാ അറീനയില്‍ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ മത്സരങ്ങള്‍ ആരംഭിച്ചില്ല. അതിനു മുമ്പേ തന്നെ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണില്‍ ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ എളുപ്പം മുന്നേറാവുന്ന തരത്തിലുള്ള എതിരാളികളെയാണ് കിട്ടിയിരിക്കുന്നത്. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് വെള്ളിയാഴ്‌ചയായിരുന്നു ഗ്രൂപ്പ് സ്റ്റേജ് എതിരാളികളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടന്നത്.
ബാഡ്‌മിന്‍റണില്‍ രണ്ടു തവണ ഇന്ത്യക്കു വേണ്ടി മെഡലണിഞ്ഞ വനിത ഷട്‌ലര്‍ പിവി സിന്ധുവിന് പാരിസില്‍ ഗ്രൂപ്പ് സ്റ്റേജില്‍ കളിക്കേണ്ടത് താരതമ്യേന ദുര്‍ബലരായ എതിരാളികളടങ്ങിയ എം ഗ്രൂപ്പില്‍. ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്തുള്ള സിന്ധുവിന് നേരിടാനുള്ളത്. ലോക 75 ആം നമ്പര്‍ എസ്റ്റോണിയയില്‍ നിന്നുള്ള ക്രിസ്റ്റിന്‍ കൂബ, 111 ആം റാങ്കു കാരി മാലിദ്വീപിലെ ഫാത്തിമ നാബാഹ അബ്‌ദുള്‍ റസാഖ് എന്നിവരെയാണ്.
ഒളിമ്പിക്‌സില്‍ പത്താം റാങ്കുള്ള സിന്ധു ഗ്രൂപ്പ് സ്റ്റേജില്‍ എതിരാളികളെ കീഴടക്കി മുന്നേറിയാല്‍ ചൈനീസ് താരവും രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഹി ബിംഗ്‌ജിയാവോയെയാവും പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക. മികച്ച ട്രാക്ക് റെക്കോഡല്ലെങ്കിലും ഇരുവരും 19 മത്സരങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 10 തവണ ചൈനീസ് താരം വിജയിച്ചപ്പോള്‍ 9 പ്രാവശ്യം സിന്ധുവിനായിരുന്നു ജയം. അവിടെ സിന്ധുവിന് ജയിക്കാനായാല്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ തന്നെ ചെന്‍ യു ഫീ ആകും ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന്‍റെ എതിരാളി.