കേരളം

kerala

ETV Bharat / sports

പാരിസ് നഗരം കളറാകും, താരങ്ങളെ സെൻ നദിക്കര വരവേല്‍ക്കും; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ നാളെ, തത്സമയം കാണാൻ.. - Olympics 2024 Opening Ceremony

പാരിസ് ഒളിമ്പിക്‌സിന് നാളെ ഔദ്യോഗികമായ തുടക്കം. ഗെയിംസിന്‍റെ ഉദ്ഘാടനചടങ്ങുകള്‍ക്കായൊരുങ്ങി സെൻ നദിക്കര.

PARIS OLYMPICS 2024  WHERE TO WATCH OLYMPICS GAMES  പാരിസ് ഒളിമ്പിക്‌സ് 2024  ഒളിമ്പിക്‌സ് ഉദ്‌ഘാടനചടങ്ങ്  OLYMPICS 2024
Paris Olympics 2024 (AP)

By ETV Bharat Kerala Team

Published : Jul 25, 2024, 10:39 AM IST

വെള്ളിയാഴ്‌ചയുടെ വെള്ളിവെളിച്ചം വീഴുമ്പോള്‍ പാരിസില്‍ ലോകം സാക്ഷിയാകുന്നത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതുവരെ കാണാൻ സാധിക്കാത്ത ഒരു ഉദ്‌ഘാടന ചടങ്ങിനായിരിക്കും. ട്രാക്കിലൂടെ മാര്‍ച്ച് ചെയ്‌ത് കാണികളെ അഭിവാദ്യം ചെയ്‌തായിരുന്നു ഒളിമ്പിക്‌സ് എന്ന വിശ്വ മഹാകായിക മാമാങ്കത്തിന്‍റെ വേദിയിലേക്ക് മുന്‍പ് ഓരോ രാജ്യങ്ങളുടെയും പ്രതിനിധികളായ താരങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍, ഇക്കുറി സെൻ നദിയിലെ ഒളപ്പരപ്പാണ് അവരെ വരവേല്‍ക്കാൻ ഒരുങ്ങുന്നത്.

ചരിത്രത്തില്‍ ആദ്യമായി പ്രധാനവേദിയ്‌ക്ക് പുറത്ത് അരങ്ങേറുന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ്. നദിയുടെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ 100 ബോട്ടുകള്‍. അവയില്‍, 10,500 ഒളിമ്പിക് താരങ്ങള്‍. ഒരു നൂറ്റാണ്ടിന് ശേഷം മടങ്ങിയെത്തുന്ന ഒളിമ്പിക്‌സിനെ കളര്‍ഫുള്‍ ആക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഫ്രാൻസ്.

മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പരിപാടി ഇന്ത്യൻ സമയം രാത്രി 11ന് ആരംഭിക്കും. അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പരിപാടിയിലൂടെ ഫ്രഞ്ച് സംസ്‌കാരം എന്തെന്ന് ലോകം കാണും. ആട്ടവും പാട്ടുമായി മൂവായിരത്തോളം കലാകാരന്മാര്‍ ചടങ്ങിന്‍റെ മാറ്റ് കൂട്ടും. ഉദ്ഘാടന ചടങ്ങിന്‍റെ ആവേശം വാനോളം ഉയര്‍ത്താൻ ആരൊക്കെയുണ്ടാകുമെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. സുരക്ഷാഭീഷണി കാരണമാണ് പല വിവരങ്ങളും അധികൃതര്‍ പുറത്ത് വിടാത്തത്.

സ്റ്റേഡിയത്തിന് പുറത്തായതുകൊണ്ട് തന്നെ 3 ലക്ഷത്തിലധികം പേര്‍ക്ക് ഈ കളര്‍ഫുള്‍ മേളം നേരിട്ട് കാണാം. നദിക്കരയില്‍ നിന്നും ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ 10,4000 ടിക്കറ്റുകളാണ് നീക്കിവച്ചിരിക്കുന്നത്. നദിക്കരികിലെ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ നിന്നും 220,000 പേര്‍ക്കും പരിപാടി കാണാം. ഇത് സൗജന്യമായിരിക്കും.

ടിക്കറ്റ് കിട്ടാത്തവരും വിഷമിക്കേണ്ടതില്ല. ഒളിമ്പിക്‌സിന്‍റെ വര്‍ണ്ണാഭമായ ഉദ്‌ഘാടന ചടങ്ങുകള്‍ തത്സമയം കായിക പ്രേമികളിലേക്ക് എത്തിക്കാനായി 80 ഓളം സ്ക്രീനുകള്‍ നഗരത്തിന്‍റെ വിവധി ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമായി ടെലിവിഷനിലൂടെ 150 കോടി ജനങ്ങള്‍ ഉദ്ഘാടന ചടങ്ങുകള്‍ കാണുമെന്നാണ് വിലയിരുത്തല്‍.

ഒളിമ്പിക്‌സാവേശം ഇന്ത്യയില്‍:ജൂലൈ 26നാണ് പാരിസ് ഒളിമ്പിക്‌സിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍. പ്രാദേശിക സമയം രാത്രി ഏഴരയോടെ തുടങ്ങുന്ന ചടങ്ങുകള്‍ ഇന്ത്യയില്‍ രാത്രി 11 മണി മുതല്‍ കാണാം. വയാകോം 18 ആണ് ഇന്ത്യയില്‍ പാരിസ് ഗെയിംസിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലിലൂടെ ഉദ്ഘാടനചടങ്ങും മത്സരങ്ങളും കായികപ്രേമികള്‍ക്ക് കാണാം. ജിയോ സിനിമ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഗെയിംസ് കാണാം.

Also Read :ഒളിമ്പിക്‌സില്‍ നാടകീയ സംഭവങ്ങള്‍; 2 മണിക്കൂറിന് ശേഷം 'വാര്‍', മൊറോക്കോയോട് സമനിലക്കളി തോറ്റ് അര്‍ജന്‍റീന

ABOUT THE AUTHOR

...view details