കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സ് 'കുട്ടിക്കളി'യല്ല ; അത്‌ലറ്റുകളുടെ മിനിമം പ്രായം കൂട്ടി ഒളിമ്പിക് കമ്മിറ്റി - MINIMUM AGE LIMIT PARIS OLYMPICS

ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന്‍റെ കഴിഞ്ഞ പതിപ്പുകളില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്‌ത് ഞെട്ടിച്ച കൊച്ചുപ്രതിഭകള്‍ ഏറെയാണ്. പിന്നീട് ലോകത്തിന്‍റെ നെറുകിലേക്ക് വളര്‍ന്ന നിരവധിപേര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ജൂലൈയില്‍ പാരീസ് ഒളിമ്പിക്‌സിലേക്കെത്തുമ്പോള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ജിംനേഷ്യം അറീനകളില്‍ നിന്ന് കുട്ടി പ്രതിഭകളുടെ താരോദയം നമുക്ക് പ്രതീക്ഷിക്കാനാവില്ല.

By ETV Bharat Kerala Team

Published : Jul 3, 2024, 6:48 PM IST

Updated : Jul 4, 2024, 6:01 PM IST

പാരീസ് ഒളിമ്പിക്‌സ്‌ 2024  YOUNGEST OLYMPIANS AGE  PARIS OLYMPICS 2024 AGE LIMIT  PARIS OLYMPICS NEWS
OLYMPICS FLAG (ETV Bharat)

ഹൈദരാബാദ്:ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനുള്ള ചുരുങ്ങിയ പ്രയം എന്താണ്? അങ്ങിനെ പ്രത്യേകിച്ചൊരു പ്രായ പരിധി ഇല്ലെന്നാണ് പൊതുവേ എല്ലാവരും പറയുക. എന്നാല്‍ ഇത്തവണ പാരീസ് ഒളിമ്പിക്സിന്‍റെ ഒദ്യോഗിക വെബ് സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഒളിമ്പിക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് / ജിംനാസ്റ്റിക്സ് വേദികള്‍ കുട്ടികളുടെ ഏരിയയല്ല.ഒളിമ്പിക്സ് വേദികളില്‍ ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാന്‍ കഴിയുന്ന ഉജ്ജ്വല മല്‍സര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കടന്നു പോയ കുഞ്ഞു താരങ്ങളുടെ കഥകളൊക്കെ ഇനി ചരിത്രം.

വിസ്മയമായി നാദിയ കൊമനേച്ചി

1976 ല്‍ മോണ്‍ട്രിയല്‍ ഒളിമ്പിക്‌സില്‍ 3 സ്വര്‍ണവും 1 വെള്ളിയും 1 വെങ്കലവുമടക്കം സ്വന്തമാക്കി മടങ്ങിയ റുമാനിയന്‍ ജിംനാസ്റ്റ് നാദിയാ കൊമനേച്ചിക്ക് അന്ന് പ്രായം 14 വയസായിരുന്നു. ജിംനാസ്റ്റിക്‌സില്‍ അപൂര്‍വമായ പെര്‍ഫെക്റ്റ് ടെന്‍ സ്കോര്‍ ആദ്യമായി ഒളിമ്പിക്‌സില്‍ സ്വന്തമാക്കിയ ആ പതിനാലുകാരിയെ കായിക ലോകത്തിന് എളുപ്പത്തില്‍ മറക്കാനാവില്ല.

അണ്‍ ഈവണ്‍ ബാറിലും, ബാലന്‍സ് ബീമിലും, ഫ്ലോര്‍ എക്‌സര്‍സൈസിലും, ഓവര്‍ ഓള്‍ വിഭാഗത്തിലുമൊക്കെ അവിസ്‌മരണീയ പ്രകടനം പുറത്തെടുത്ത നാദിയ കൊമനേച്ചിയുടെ പ്രകടനം കണ്ട് ലോകം കോരിത്തരിച്ചിരുന്നു. കുട്ടികളെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് ലോക കായിക വേദി ഒന്നടങ്കം പറഞ്ഞ പ്രകടനങ്ങള്‍ അത്തരത്തില്‍ നിരവധിയുണ്ടായിട്ടുണ്ട്.

നീന്തല്‍ക്കുളത്തിലെ കൊള്ളിയാന്‍

15 ആം വയസില്‍ സിഡ്‌നി ഒളിമ്പിക്‌സിന് അമേരിക്കന്‍ ടീമിനൊപ്പമെത്തിയ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ്‌. അന്ന് 200 മീറ്ററില്‍ അഞ്ചാം സ്ഥാനവും കൊണ്ട് മടങ്ങി. അടുത്ത നാല് ഒളിമ്പിക്‌സുകളിലും ഫെല്‍പ്‌സിന്‍റെ ജൈത്രയാത്രയാണ് കണ്ടത്. 23 സ്വര്‍ണം ഉള്‍പ്പെടെ ഫെല്‍പ്‌സ്‌ നേടിയ 28 മെഡലുകള്‍ ചരിത്രമായിത്തന്നെ നില്‍ക്കുന്നു.

പ്രായം കുറഞ്ഞ ഒളിമ്പിക് ജേതാക്കള്‍

1936 ല്‍ സ്പ്രിങ്ങ് ബോര്‍ഡ് ഡൈവിങ്ങില്‍ മത്സരിച്ച് സ്വര്‍ണം നേടിയ അമേരിക്കന്‍ ഡൈവര്‍ മര്‍ജോറി ജെസ്റ്റ്റിങ്ങാണ് ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവ്. തൊട്ടടുത്തുള്ളത് ടോക്കിയോ ഒളിമ്പിക്‌സില്‍ സ്കേറ്റ് ബോര്‍ഡില്‍ സ്വര്‍ണം നേടിയ 13 കാരിയായ മൊമിജി നിഷിയയാണ്. ഇരുവരും തമ്മില്‍ 2 മാസത്തിന്‍റെ പ്രായ വ്യത്യാസം മാത്രം. 1896 ല്‍ പത്തു വയസില്‍ ഒളിമ്പിക്‌സിനെത്തി ടീം ജിംനാസ്റ്റിക്‌സില്‍ ഗ്രീസിന് വേണ്ടി വെങ്കല മെഡല്‍ നേടിയ ദിമിത്രിയോസ് ലൗണ്ട്രാസ് ആണ് ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡല്‍ ജേതാവ്.

അത്ലറ്റിക്സ് മല്‍സരങ്ങള്‍ക്കുള്ള മിനിമം പ്രായം

2024 ല്‍ പാരീസ് ഒളിമ്പിക്‌സിലേക്കെത്തുമ്പോള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ജിംനേഷ്യം അറീനകളില്‍ നിന്ന് കുട്ടി പ്രതിഭകളുടെ താരോദയം നമുക്ക് പ്രതീക്ഷിക്കാനാവില്ല. പക്ഷേ പാരീസ് അക്വാട്ടിക് സെന്‍ററിലും നാഷണല്‍ ഷൂട്ടിങ്ങ് സെന്‍ററിലും കുഞ്ഞു പ്രതിഭകളുടെ മിന്നലാട്ടത്തിന് ലോകം പ്രതീക്ഷയോടെ കാത്തിരിക്കും. കാരണം നീന്തലിലും ഡൈവിങ്ങിലും മത്സരിക്കുന്നതിന് 14 വയസാണ് കുറഞ്ഞ പ്രായം നിശ്ചയിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിനാകട്ടെ പ്രായ പരിധി വെച്ചിട്ടുമില്ല.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഒളിമ്പിക് കമ്മിറ്റി പ്രായ പരിധി കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ട്രാക്ക് ഇനങ്ങളില്‍ ഇറങ്ങുന്ന ഒളിമ്പ്യന്മാര്‍ക്ക് കുറഞ്ഞത് 16 വയസെങ്കിലും പ്രായമുണ്ടായിരിക്കണമെന്നാണ് നിയമാവലിയില്‍ പറയുന്നത്. അതായത് 2009 ലോ അതിനു ശേഷമോ ജനിച്ച കുഞ്ഞു കായിക പ്രതിഭകള്‍ക്ക് ഈ ഒളിമ്പിക്‌സിന്‍റെ അത്ലറ്റിക്‌സ്‌ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.

ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ ചട്ടങ്ങളനുസരിച്ച് പതിനാറും പതിനേഴും വയസുള്ള കായിക താരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തടസമില്ല. പക്ഷേ അവര്‍ക്ക് എല്ലാ ഇനങ്ങളിലും മത്സരിക്കാനാവില്ല. ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ, ഡെക്കാത്ലണ്‍, ഹെപ്റ്റാത്ലണ്‍, 10000 മീറ്റര്‍, മാരത്തോണ്‍, മത്സര നടത്തം എന്നിവയില്‍ ഇവര്‍ക്ക് പങ്കെടുക്കാനാവില്ല.

ജിംനാസ്റ്റിക്സ്/ നീന്തല്‍/ ഷൂട്ടിങ്ങ്/ ഗുസ്തി

ജിംനാസ്റ്റുകള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായ പരിധി പുരുഷന്മാര്‍ക്ക് 18 വയസും വനിതകള്‍ക്ക് 16 വയസുമാണ്. നീന്തലില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 14 വയസാണ്. ഷൂട്ടിങ്ങില്‍ മത്സരിക്കുന്നതിന് പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. ഗുസ്‌തിയില്‍ പങ്കെടുക്കുന്ന ഫയല്‍വാന്‍മാര്‍ 2006 ഡിസംബര്‍ 31 ന് മുമ്പ് ജനിച്ചവരാകണം. അതായത് ഗുസ്‌തി താരങ്ങളുടെ ചുരുങ്ങിയ പ്രായം പാരീസ് ഒളിമ്പിക്‌സില്‍ 18 വയസാണ്.

ഡൈവിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം ഇത്തവണയും 14 വയസാണ്. സ്പ്രിങ്ങ് ബോര്‍ഡ് ഡൈവിങ്ങിനും പ്ലാറ്റ് ഫോം ഡൈവിങ്ങിനും സിംക്രണൈസ്‌ഡ്‌ ഡൈവിങ്ങിനും മിനിമം പ്രായം പതിനാല് തന്നെ.

Also Read:

  1. പാരീസ് ഒളിമ്പിക്‌സിലേക്കുള്ള വഴി ഇങ്ങിനെ; യോഗ്യത മാര്‍ക്കും രാജ്യങ്ങളുടെ ക്വാട്ടയും
  2. ഒളിമ്പിക്‌സ് ആവേശം ഇന്ത്യയിലേക്ക് ഗീതികയിലൂടെ മാത്രം; പാരിസിലേക്ക് പറക്കാൻ റെഡിയായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക
  3. പാരീസ് ഒളിമ്പിക്‌സ് 2024: ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങൾ ഇവരൊക്കെ
  4. ഇന്ത്യയില്‍ ഒളിമ്പിക്‌സ്, ശ്രമങ്ങൾക്കും സ്വപ്‌നങ്ങൾക്കും പിന്തുണയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്
Last Updated : Jul 4, 2024, 6:01 PM IST

ABOUT THE AUTHOR

...view details