കോഴിക്കോട്:പാരിസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ മലയാളി പ്രതീക്ഷയായി അബ്‌ദുള്ള അബൂബക്കർ ഇന്നിറങ്ങുന്നു. രാത്രി 10.45 നാണ് ട്രിപ്പിൾ ജംപില്‍ താരത്തിന്‍റെ യോഗ്യതാ മത്സരം. മത്സരം വിജയിക്കാനും മെഡൽ കിട്ടാനും മുന്നോട്ട് പോകാനും പ്രാർഥന ഉണ്ടാവണമെന്ന് പിതാവ് അബൂബക്കർ ഇടിവി ഭാരതിനോട് പറഞ്ഞു.
അബ്‌ദുള്ളയുടെ ജീവിത സ്വപ്‌നം ഇന്ന് പൂവണിയാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് നാദാപുരം വളയം സ്വദേശികൾ. 'നിരവധി മെഡലുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന്‍റെ സ്വപ്‌നം ഒളിമ്പിക്‌സ് ആയിരുന്നു. ആ സ്വപ്‌നത്തിലേക്ക് എത്താന്‍ അബ്‌ദുള്ള അബൂബക്കറിന് കഴിഞ്ഞു. കരിയറിലെ മികച്ച പ്രകടനം ഇന്ന് കാഴ്‌ചവക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. മാതാപിതാക്കളാണ് എല്ലാ പിന്തുണയും നൽകിയത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.' -നാട്ടുകാരനും അധ്യാപകനും വാര്‍ഡ് മെമ്പറുമായ പി കെ ഖാലിദ് മാസ്റ്ററുടെ വാക്കുകള്‍.
ട്രിപ്പിൾ ജംപാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ നാളുകള്‍
കോഴിക്കോട് നാദാപുരം വളയം സ്വദേശിയാണ് അബ്‌ദുള്ള അബൂബക്കർ. എന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പാലക്കാട് ജില്ലയില്‍ നിന്നാണ്. പാലക്കാട് കല്ലടി കുമരംപുത്തൂർ എച്ച്എസ്എസിൽ ചേർന്ന ശേഷമാണ് ട്രിപ്പിൾ ജംപാണ് തന്‍റെ വഴിയെന്ന് ഒമ്പതാം ക്ലാസുകാരൻ മനസിലാക്കിയത്. അതുവരെ സ്പ്രിന്‍റ്, ഹൈജംപ്, ലോങ്ജംപ്, ഹർഡിൽസ് എന്നിങ്ങനെ മിക്ക ഇനങ്ങളിലും അബ്‌ദുള്ള മത്സരിച്ചിരുന്നു. ഒരു വർഷം പിന്നിട്ടപ്പോൾ സംസ്ഥാന, ദേശീയ സ്‌കൂൾ കായികമേളകളിൽ സ്വർണം നേടി.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അബ്‌ദുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ പഠിച്ചു. 2015ൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാമ്പ്യനുമായി. തുടര്‍ന്ന് ഹൊറിസോണ്ടൽ ജംപ്‌സ് അസിസ്റ്റൻ്റ് കോച്ച് ഹരികൃഷ്‌ണൻ്റെ കീഴിൽ ബാംഗ്ലൂരിൽ സായ് കേന്ദ്രത്തില്‍ പരിശീലനം നേടി.