കേരളം

kerala

ETV Bharat / sports

പാരിസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം; രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലന്‍ഡിനെ കീഴടക്കി - India vs New Zealand result - INDIA VS NEW ZEALAND RESULT

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം ജയത്തോടെ തുടങ്ങി. ആദ്യ മൽസരത്തിൽ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു.

Paris olympics 2024 hockey  olympics 2024 news  olympics 2024 latest updates  Paris olympics malayalam news
ഇന്ത്യന്‍ ഹോക്കി ടീം (ETV Bharat)

By ETV Bharat Kerala Team

Published : Jul 28, 2024, 12:11 AM IST

പാരിസ്:അനു നിമിഷം ആവേശം തുടിച്ചു നിന്ന പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം. പൂൾ ബിയിലെ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യ ന്യൂസിലന്‍ഡിനെ കീഴടക്കിയത്. വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്‍ ആദ്യം ഗോൾ നേടി ന്യൂസിലാൻഡ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.

കളിയുടെ ആദ്യനിമിഷങ്ങളിൽ ഗതിയ്ക്ക് വിപരീതമായാണ് ന്യൂസിലൻഡ് ആദ്യ ഗോൾ നേടിയത്. എട്ടാം മിനുട്ടിൽ നേടിയ ഗോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യയെ ഞെട്ടിച്ചു. നിരന്തരം ന്യൂസിലൻഡ് ഗോൾ മുഖം ആക്രമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ഗോൾ വന്നത്. ഇന്ത്യൻ ആക്രമണ നിര നടത്തിയ നിരന്തരമായ ആക്രമണങ്ങളെ ന്യൂസിലൻഡ് പ്രതിരോധ നിര പാടുപെട്ടാണ് ചെറുത്തത്.

ഒരു പ്രത്യാക്രമണത്തിൽ നിന്നു വന്ന പന്ത് പ്രതിരോധിക്കുന്നതിനിടെ അപായകരമായ കളിക്ക് ഇന്ത്യക്കെതിരെ റഫറി പെനാൽറ്റി കോർണർ വിധിച്ചു. ഇന്ത്യൻ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന് കിക്ക് പ്രതിരോധിക്കുന്നതിൽ പിഴച്ചു. ന്യൂസിലൻഡ് ഒന്ന്-പൂജ്യത്തിന് മുന്നിൽ. പത്താം മിനുട്ടിൽ ഇന്ത്യയുടെ ഗുർജന്ത് സിങ് പച്ചക്കാർഡ് കണ്ട് പുറത്തായി. പത്തു പേരെ വെച്ച് ഇന്ത്യ കളിക്കുന്നതിന്‍റെ ആനുകൂല്യം മുതലെടുക്കാൻ ന്യൂസിലാൻഡിന് സാധിച്ചില്ല.

സ്ട്രൈക്കിങ്ങ് സർക്കിളിനകത്ത് കടന്ന് ഗോൾ സ്കോർ ചെയ്യാനുള്ള ന്യൂസിലൻന്‍റെ എല്ലാ ശ്രമങ്ങളും ഇന്ത്യൻ പ്രതിരോധ നിര തടഞ്ഞു. ലോങ്ങ് പാസുകളിലൂടെ ഇന്ത്യൻ ടീം കളം പിടിക്കാൻ ശ്രമിച്ചു. ആദ്യ പകുതി അവസാനിക്കേ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് ഒരു ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നു.

രണ്ടാം ക്വാർട്ടറിൻ്റെ തുടക്കത്തിൽ തന്നെ പരുക്കൻ കളിക്ക് ന്യൂസിലൻഡ് ക്യാപ്റ്റൻ മഞ്ഞക്കാർഡ് കണ്ടു. പിന്നീട് ഓരോ ഗോൾ മുഖത്തും മാറി മാറി ആക്രമണങ്ങൾ നടന്നു. 24 ആം മിനുട്ടിൽ ഇന്ത്യൻ ഹോക്കി ടീം ഒരു പെനാൽറ്റി കിക്ക് നേടിയെടുത്തു. പക്ഷേ ഗോൾ കീപ്പർ അപകടംതട്ടിയകറ്റി.

തൊട്ടടുത്ത മിനുട്ടിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീതിനെ തടഞ്ഞതിന് പെനാൽറ്റി കോർണർ വിധിച്ചു. റീബൌണ്ടിൽ നിന്നുള്ള പന്ത് പിടിച്ചെടുത്ത് മൻദീപ് സിങ്ങ് ഗോളടിച്ചു. ന്യൂസിലാൻഡ് റെഫറലിന് പോയെങ്കിലും വിജയിച്ചില്ല. രണ്ടാം ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ന്യൂസിലാൻഡിന്‍റെ ഇന്ർഗിൽസിന് പച്ചക്കാർഡ് കണ്ടു.

മൽസരം പാതി സമയം പിന്നിടുമ്പോൾ പന്തടക്കത്തിലും പന്ത് പാസ് ചെയ്യുന്നതിലും ഇന്ത്യയായിരുന്നു മുന്നിൽ. ഇന്ത്യ തങ്ങൾക്ക് കിട്ടിയ അവസരങ്ങൾ മുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. ഇന്ത്യക്ക് കിട്ടിയ രണ്ട് പെനാൽറ്റി കോർണറിൽ ഒന്ന് മാത്രമാണ്സ്കോർ ചെയ്യാനായത്. പക്ഷേ പന്ത് ഏറിയ സമയവും ഇന്ത്യൻ സംഘത്തിന്‍റെ പിടിയിലായിരുന്നു.

ഹാഫ് ടൈം കഴിഞ്ഞ് മൂന്നാം ക്വാർട്ടർ ആദ്യ നിമിഷം പിന്നിടുമ്പോൾത്തന്നെ ഇന്ത്യ മൽസരത്തിൽ ലീഡ് നേടി. ഡിക്സണെ കബളിപ്പിച്ചു കൊണ്ട് ഗോളിന് വഴി തുറന്നത് മൻദീപ് ആയിരുന്നു. ഇന്ത്യൻ ഗോൾമുഖത്ത് നിരന്തരം ആക്രമണം സംഘടിപ്പിച്ച ന്യൂസിലാൻഡിന് പക്ഷേ ഗോൾ കീപ്പർ ശ്രീജേഷിനെ പല ഘട്ടങ്ങളിലും മറികടക്കാനായില്ല. മൂന്നാം ക്വാർട്ടറിൽ ന്യൂസിലൻഡിന് ലഭിച്ച പെനാൽറ്റി കോർണറും ശ്രീജേഷ് വിഫലമാക്കി. 53 ആം മിനുട്ടിൽ ന്യൂസിലാൻഡ് സമനില ഗോൾ കണ്ടെത്തി.

ALSO READ: 'മനു ഭാക്കര്‍ സമ്മര്‍ദത്തെ മറികടന്നു കഴിഞ്ഞു'; താരത്തിന്‍റെ പ്രകടനവും സാധ്യതകളും വിലയിരുത്തി സണ്ണി തോമസ് - Sunny Thomas on Manu Bhaker

സ്കോർ 2-2. ഇന്ത്യ പ്രതിരോധത്തിലേക്ക് ഉൾവലിയുന്നതാണ് പിന്നീട് കണ്ടത്. അവസാന ക്വാർട്ടർ അവസാനിക്കാൻ ഒറ്റ മിനുട്ട് മാത്രം ബാക്കി നിൽക്കേ പെനാൽറ്റി സ്ട്രോക്കിൽ നിന്ന് ഇന്ത്യ മുന്നിലെത്തി. 3-2. പ്രോലീഗിലും ബംഗളൂരുവിലും യൂറോപ്പിലുമായി നടന്ന പരിശീലനക്കളരിയിലും പങ്കെടുത്ത അനുഭവ പരിചയവുമായിട്ടായിരുന്നു ഇന്ത്യൻ ടീം പാരിസിൽ എത്തിയത്. പാരിസില്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് ഇത് ആഹ്ലാദിക്കാനുള്ള നിമിഷമായിരുന്നു. തിങ്കളാഴ്ച അടുത്ത പൂൾ മൽസരത്തിൽ ഇന്ത്യ അർജൻ്റീനയെ നേരിടും.

ABOUT THE AUTHOR

...view details