തിരുവനന്തപുരം :പാരിസ് ഒളിമ്പിക്‌സിന് തിരിതെളിഞ്ഞ ശേഷം ആദ്യ ദിനം തന്നെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് സന്തോഷ വാർത്ത വരുമോ? അതേയെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടിങ് കോച്ചായിരുന്ന സണ്ണി തോമസ് പറയുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലാണ് ഇന്ന്(27-07-2024) മെഡൽ മത്സരങ്ങളുള്ളത്. ഇന്ത്യയുടെ രണ്ട് ടീമുകൾ യോഗ്യത റൗണ്ടിൽ മാറ്റുരക്കുന്നു. ഒരു പോലെ ഫോമിലുള്ള രണ്ട് ടീമുകൾക്കും ഒറ്റ വിജയത്തിലൂടെ മെഡൽ മാച്ചിലേക്ക് മുന്നേറാനാവും.
10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിലെ ലോക റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. ഈജിപ്റ്റിലെ കെയ്റോയിൽ 2023 ഫെബ്രുവരിയിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീം നേടിയ 635.8 ആണ് ഈ ഇനത്തിലെ ലോക റെക്കോഡ്. പക്ഷേ അന്ന് ടീമിലുണ്ടായിരുന്നവർ ആരും ഇന്നത്തെ ഒളിമ്പിക്‌സ് ടീമിലില്ല. ഈ ഇനത്തിലെ ശക്തരായ ഇന്ത്യയും ചൈനയും അടക്കം എല്ലാ രാജ്യങ്ങളും ഈരണ്ട് ടീമുകളെ വീതം ക്വാളിഫിക്കേഷൻ റൗണ്ടിൽ മത്സരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് മിക്‌സഡ് ടീമിനത്തിൽ യോഗ്യത നേടിയിരിക്കുന്ന രണ്ട് ജോഡികൾക്കും നല്ല മെഡൽ സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു. 'ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ റൈഫിൾ വ്യക്തിഗത ഇനത്തിലും വനിത ടീമിനത്തിലും സ്വർണം നേടി മികച്ച ഫോമിൽ നിൽക്കുന്ന രമിത ജിൻഡാലും കെയ്റോയിൽ നടന്ന ലോകകപ്പിൽ മിക്‌സഡ് ടീമിനത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അർജുൻ ബബുതയും അടങ്ങുന്ന ടീമിന് സാധ്യത ഏറെയാണ്.
കഴിഞ്ഞ വർഷം നടന്ന റിയോ ലോക കപ്പിൽ വനിത വിഭാഗം ചാമ്പ്യനായിരുന്ന തമിഴ്‌നാട്ടുകാരി ഇളവേനിൽ വാളറിവാൻ ഏറെ വിദേശ മത്സര പരിചയമുള്ള താരമാണ്. കന്നി ഒളിമ്പിക്‌സിനിറങ്ങുന്ന സന്ദീപ് സിങ്ങും ലോക നിലവാരത്തിലുള്ള താരമാണ്.'- സണ്ണി തോമസ് പറഞ്ഞു.
ഇന്ത്യൻ ദേശീയ ടീമിന്‍റെ കോച്ചായി നീണ്ട 19 വർഷം പ്രവർത്തിച്ച ദ്രോണാചാര്യ സണ്ണി തോമസ്, ഇന്ത്യൻ ഷൂട്ടിങ്ങിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചാണ് വിരമിച്ചത്. ഒളിമ്പിക് വേദികളിൽ രാജ്യവർധൻ സിങ് റാത്തോഡ് മുതൽ അഭിനവ് ബിന്ദ്രയും ഗഗൻ നാരംഗും വരെ മെഡൽ നേടിയത് സണ്ണി തോമസിന്‍റെ ശിക്ഷണത്തിലായിരുന്നു.
മെഡൽ തീരുമാനിക്കുന്നത് ഇങ്ങിനെ :
ആകെ 28 ടീമുകളാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇറങ്ങുന്നത്. ഇവരിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന നാല് ടീമുകൾ മെഡൽ മാച്ചുകൾക്ക് യോഗ്യത നേടും. മൂന്നും നാലും സ്ഥാനത്തെത്തിയവർ തമ്മിൽ വെങ്കല മെഡലിനായുള്ള പോരാട്ടം രണ്ട് മണിക്ക് നടക്കും. ഒന്നും രണ്ടും റാങ്കുകളിലുള്ളവർ തമ്മിലുള്ള സ്വർണവും വെള്ളിയും നിശ്ചയിക്കാനുള്ള പോരാട്ടം അതിന് ശേഷമാകും നടക്കുക.