കറാച്ചി:ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 23-ന് ദുബായിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. ചിരവൈരികള്‍ ഓരോ തവണയും നേര്‍ക്കുനേര്‍ എത്തുമ്പോഴുള്ള ആവേശച്ചൂട് മറ്റേതൊരു മത്സരത്തേക്കാളും ഏറെയാണ്.
ഇരു ടീമുകളുടേയും ആരാധകരെ സംബന്ധിച്ച് ഏറെക്കുറെ ഒരു അഭിമാനപ്രശ്‌നമായും ഇതു മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ഇതിനിടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോൽപ്പിക്കുന്നതാണോ അതോ കിരീടം നേടുന്നതാണോ കൂടുതൽ പ്രധാനം എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ ആഘ സൽമാന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐസിസി ടൂർണമെന്‍റുകൾ ജയിക്കുന്നതിനേക്കാൾ ഇന്ത്യയ്‌ക്കെതിരായ വിജയത്തെ വലിയ നേട്ടമായി കണക്കാക്കുന്ന ചിലർ പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തിലുണ്ട്. എന്നാൽ സൽമാൻ ആ ചിന്താഗതിക്കാരനല്ല. ഒരു മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതിനേക്കാള്‍ വലുത് കിരീടം തന്നെയാണെന്നാണ് സല്‍മാന്‍റെ വാക്കുകള്‍.
"പാകിസ്ഥാൻ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കായി ഞാന്‍ ഏറെ ആവേശത്തിലാണ്. ലാഹോറാണ് എന്‍റെ സ്വദേശം. അതിനാല്‍ തന്നെ എന്‍റെ ജന്മനാട്ടിൽ കപ്പുയർത്തുന്നത് എനിക്ക് ഒരു സ്വപ്‌ന സാക്ഷാത്കാരമായിരിക്കും.
പാകിസ്ഥാൻ ടീമിന് അത് നേടാനുള്ള കഴിവുണ്ട്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ അന്തരീക്ഷം ഇപ്പോഴും വളരെ വ്യത്യസ്‌തമാണ്. ലോകത്തിലെ ഏറ്റവും വലിയ മത്സരമാണിതെന്നാണ് അവർ പറയുന്നത്. പക്ഷേ, എന്നെ സംബന്ധിച്ച് അതൊരു മത്സരം മാത്രമാണ്, അതിനാൽ ചാമ്പ്യൻസ് ട്രോഫി ജയിക്കുന്നതാണ് ആ ഒരു മത്സരം ജയിക്കുന്നതിനേക്കാൾ പ്രധാനം" പിസിബി പോഡ്‌കാസ്റ്റില്‍ ആഘ സൽമാന്‍ പറഞ്ഞു.
ALSO READ: ചാമ്പ്യന്‍സ് ട്രോഫി തൂക്കുമോ ഇന്ത്യ?; ശക്തിയും ദൗര്‍ബല്യവും, വിശദമായി അറിയാം...
ചാമ്പ്യൻസ് ട്രോഫിയിൽ മുന്നേറുന്നതിനായി ഇന്ത്യയെ തോൽപ്പിക്കുന്നതിന് തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. "ഇന്ത്യയ്‌ക്കെതിരായ മത്സരം ജയിക്കാൻ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. വിജയത്തിനായി ഞങ്ങൾ പരമാവധി ശ്രമിക്കും. അവർക്കെതിരെ എന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനും ഞാൻ ശ്രമിക്കും"- സല്‍മാന്‍ പറഞ്ഞു നിര്‍ത്തി.