കേരളം

kerala

ETV Bharat / sports

കിവീസിന് 'സമ്പൂര്‍ണ പരാജയം'; ടി20 ലോകകപ്പ് ഒരുക്കം 'കെങ്കേമമാക്കി' ഓസ്‌ട്രേലിയ - ന്യൂസിലൻഡ് ഓസ്‌ട്രേലിയ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. മൂന്നാം മത്സരത്തില്‍ മഴ നിയമപ്രകാരം 27 റണ്‍സിന്‍റെ ജയം.

New Zealand vs Australia  New Zealand vs Australia 3rd T20I  Glenn Phillips  ന്യൂസിലൻഡ് ഓസ്‌ട്രേലിയ  ടി20 പരമ്പര
NewZealand vs Australia 3rd T20I

By ETV Bharat Kerala Team

Published : Feb 25, 2024, 10:42 AM IST

ഓക്‌ലാന്‍ഡ് :ലോകകപ്പിന് മുന്‍പുള്ള അവസാന ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ വെള്ളപൂശി ഓസ്‌ട്രേലിയ (New Zealand vs Australia T20I Series).ഇന്ന് നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 27 റണ്‍സിന്‍റെ ജയമാണ് സന്ദര്‍ശകരായ ഓസ്‌ട്രേലിയ നേടിയത്. നിരവധി പ്രാവശ്യം മഴ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസ്‌ട്രേലിയൻ ടീമിന്‍റെ ജയം.

പരമ്പരയില്‍ ആശ്വാസ ജയം തേടി ഈഡൻ പാര്‍ക്കിലിറങ്ങിയ ന്യൂസിലന്‍ഡ് ടോസ് നേടി ആദ്യം ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 10.4 ഓവര്‍ മാത്രമായിരുന്നു മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റ് ചെയ്യാൻ സാധിച്ചത്. നാല് പ്രാവശ്യമായിരുന്നു ആദ്യ ഇന്നിങ്‌സ് മഴ തടസപ്പെടുത്തിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന സ്റ്റീവ് സ്‌മിത്ത് ഇന്ന് ഓപ്പണറായി ഓസീസ് നിരയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത നിലവാരത്തിലേക്ക് ഉയരാൻ താരത്തിനായില്ല. 3 പന്തില്‍ നാല് റണ്‍സ് നേടിയ സ്‌മിത്തിനെ ന്യൂസിലന്‍ഡ് പേസര്‍ ആദം മില്‍നെ മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ പുറത്താക്കി.

മാറ്റ് ഷോര്‍ട്ടും ട്രാവിസ് ഹെഡും ചേര്‍ന്നാണ് പിന്നീട് ഓസീസ് സ്കോര്‍ ഉയര്‍ത്തിയത്. ആറ് ഓവറില്‍ 67 റണ്‍സില്‍ നില്‍ക്കെ ഷോര്‍ടിനെയും സന്ദര്‍ശകര്‍ക്ക് നഷ്‌ടപ്പെട്ടു. 11 പന്തില്‍ 27 റണ്‍സ് അടിച്ചായിരുന്നു താരം മടങ്ങിയത്.

പിന്നാലെയെത്തിയ ഗ്ലെൻ മാക്‌സ്‌വെല്‍ 9 പന്തില്‍ 20 റണ്‍സ് നേടി പുറത്തായി. പത്താം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡും (33) പുറത്തായി. ജോഷ് ഇംഗ്ലിസ് (14), ടിം ഡേവിഡ് (8) എന്നിവര്‍ ക്രീസില്‍ നില്‍ക്കെ ഓസീസ് സ്കോര്‍ 10.4 ഓവറില്‍ 118 റണ്‍സ് ആയിരുന്നപ്പോഴാണ് മഴ വില്ലനായെത്തിയത്.

ഇതോടെ, കിവീസ് വിജയലക്ഷ്യം 10 ഓവറില്‍ 126 റണ്‍സായി ക്രമീകരിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ ഓപ്പണര്‍ വില്‍ യങ്ങിനെ നഷ്‌ടമായി. 7 പന്തില്‍ 14 റണ്‍സ് നേടിയ താരത്തെ മാറ്റ് ഷോര്‍ട്ടാണ് മടക്കിയത്.

മൂന്നാമനായെത്തിയ ടീം സെയ്‌ഫെര്‍ട്ടിന് അഞ്ച് പന്തില്‍ രണ്ട് റണ്‍സേ നേടാൻ സാധിച്ചുള്ളു. ആറാം ഓവറില്‍ സ്കോര്‍ 51-ല്‍ നില്‍ക്കെ ഫിൻ അലനെയും ആതിഥേയര്‍ക്ക് നഷ്‌ടമായി. 24 പന്തില്‍ 40 റണ്‍സ് അടിച്ച് ഗ്ലെൻ ഫിലിപ്‌സ് പൊരുതി നോക്കിയെങ്കിലും കിവീസിന്‍റെ പോരാട്ടം 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 98 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നേരത്തെ, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 72 റണ്‍സിനുമായിരുന്നു ഓസ്‌ട്രേലിയ ജയിച്ചത്.

Also Read :'സിംബാബ്‌വെ മര്‍ദ്ദകന്‍' കളിയാക്കി ആരാധകര്‍; കട്ടക്കലിപ്പിലായി ബാബര്‍ അസം

ABOUT THE AUTHOR

...view details