ന്യൂഡൽഹി:ന്യൂസിലൻഡ് മുൻ ഫാസ്റ്റ് ബൗളർ ഡഗ് ബ്രേസ്‌വെല്‍ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേതുടര്‍ന്ന് താരം ക്രിക്കറ്റിൽ നിന്ന് ഒരു മാസത്തെ വിലക്ക് അനുഭവിച്ചെന്നും ന്യൂസിലൻഡ് സ്‌പോർട്‌സ് ഇന്‍റഗ്രിറ്റി കമ്മീഷൻ വെളിപ്പെടുത്തി. 2024 ജനുവരിയിൽ വെല്ലിംഗ്ടണിനെതിരായ സെൻട്രൽ ഡിസ്ട്രിക്റ്റുകൾക്കായുള്ള ആഭ്യന്തര ടി20 മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം ബ്രേസ്‌വെൽ നിരോധിത പദാർത്ഥം ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
വെല്ലിംഗ്ടണിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയ ബ്രേസ്‌വെല്ലിനെ ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തിരുന്നു. 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ താരം വെറും 11 പന്തിൽ 30 റൺസിന്‍റെ അതിവേഗ ഇന്നിങ്സാണ് കളിച്ചത്. കൂടാതെ രണ്ട് ക്യാച്ചുകളുമെടുത്ത ബ്രേസ്‌വെല്‍ തന്‍റെ ടീമിനെ 6 വിക്കറ്റിന് വിജയിപ്പിച്ചു.
ബ്രേസ്‌വെല്ലിന്‍റെ കൊക്കെയ്ൻ ഉപയോഗത്തിന് മത്സരവുമായി ബന്ധമില്ലെന്നും മത്സരത്തിന് പുറത്ത് കൊക്കെയ്ൻ കഴിച്ചിട്ടുണ്ടെന്നും സ്പോർട്‌സ് ഇന്‍റഗ്രിറ്റി കമ്മീഷൻ സ്ഥിരീകരിച്ചു. താരത്തിന് ആദ്യം മൂന്ന് മാസത്തെ വിലക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ ട്രീറ്റ്മെന്‍റ് പൂർത്തിയാക്കിയ ശേഷം വിലക്ക് ഒരു മാസമായി കുറച്ചു. 2024 ഏപ്രിക്കുള്ളില്‍ ബ്രേസ്‌വെൽ ഇതിനകം തന്നെ സസ്പെൻഷൻ പൂർത്തിയാക്കി. താരം നിലവില്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്.