തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ വേണ്ടെന്ന് വയ്ക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ ട്രാവല്‍ ഉപദേശക ഏജന്‍സി ഫോഡോറിന്‍റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇത് കേരളത്തിനെതിരായ ബോധപൂര്‍വ്വമായ വിദ്വേഷ പ്രചാരണത്തിന്‍റെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു. സമാനമായി ഉത്തരേന്ത്യ കേന്ദ്രീകരിച്ചും കേരളം സഞ്ചാരികള്‍ക്ക് പറ്റിയ ഇടമല്ലെന്ന രീതിയില്‍ ബോധപൂര്‍വ്വമായ വിദ്വേഷണ പ്രചാരണം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഇത്തരം വിദ്വേഷ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ചാണ് കേരളത്തിലെ ടൂറിസം മേഖല അതിശക്തമായി മുന്നോട്ടു പോകുന്നത്. ലോകത്തെ ഏതൊരു സഞ്ചാരിക്കും കാണാന്‍ പറ്റുന്ന മനോഹരമായ ഇടമാണ് കേരളമെന്ന് ഈ രംഗത്തെ ഉത്തരവാദിത്തപ്പെട്ട രാജ്യാന്തര സംഘടനകളും ഉത്തരവാദിത്തപ്പെട്ട വിദഗ്‌ധരും ഏജന്‍സികളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര രംഗത്ത് നിന്നുള്‍പ്പെടെ കേരളത്തിന് ലഭിച്ച അംഗീകാരങ്ങള്‍ ഇതിന് തെളിവാണ്. അതിനാല്‍ ഇത്തരം പ്രചാരണങ്ങളെ കേരളം കാര്യമാക്കുന്നില്ലെന്ന് മന്ത്രി റിയാസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരളം നോ ലിസ്റ്റില്‍: കഴിഞ്ഞ ദിവസമാണ് കേരളത്തെ നോ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര ഏജന്‍സിയായ ഫോഡോര്‍ പട്ടിക പുറത്തിറക്കിയത്. കേരളം ഉള്‍പ്പെടെ ലോകത്തെ 15 ഇടങ്ങളുടെ പേരാണ് പട്ടികയിലുള്ളത്. ഇന്ത്യയില്‍ നിന്നും കേരളം മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. പ്രകൃതി ദുരന്തവും അമിതമായ വിനോദ സഞ്ചാരവും മൂലം യാത്രകള്‍ വേണ്ടെന്നുവയ്‌ക്കാനിടയുള്ള സ്ഥലങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഡെസ്റ്റിനേഷന്‍ ബിഗിനിങ് ടു സഫര്‍ (മോശമാകാന്‍ തുടങ്ങിയ ഇടം) എന്നാണ് ഫോഡോര്‍ കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലും കേരളത്തിലെ പുഴകള്‍ അടക്കമുള്ള ജലസ്രോതസുകള്‍ മലിനമാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ അമിതമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജലത്തിന്‍റെ സ്വാഭാവിക ഒഴുക്കിന് തടസമാകുന്നുവെന്നും അത് ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നും വിദഗ്‌ധര്‍ പറയുന്നു. വര്‍ഷങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യത മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അത് കാര്യമായി എടുത്തില്ലെന്നും 2015നും 2022നും ഇടയില്‍ ഇന്ത്യയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ 60 ശതമാനവും കേരളത്തില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ഗോ ലിസ്റ്റും നോ ലിസ്റ്റും: വിനോദ സഞ്ചാരത്തിന് അനുയോജ്യമായതും അല്ലാത്തതുമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് ഫോഡോറിന്‍റെ ഗോ ലിസ്റ്റും നോ ലിസ്റ്റും. കഴിഞ്ഞ 85 വര്‍ഷമായി ഇത്തരത്തില്‍ ഫോഡോര്‍ പട്ടിക പുറത്തിറക്കാറുണ്ട്. വിനോദ സഞ്ചാരം ബഹിഷ്‌കരിക്കേണ്ട സ്ഥലങ്ങളല്ല ഇതെന്നാണ് ഫോഡോറിന്‍റെ വിശദീകരണം. വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ആദ്യഘട്ടമാണ് ഇത്തരത്തിലൊരു പട്ടികയെന്നും ഫോഡോര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദ സഞ്ചാരം പ്രകൃതിക്ക് ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കുന്നതിനും മികച്ച ടൂറിസം അനുഭവം സാധ്യമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. കേരളത്തെ നോ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള മേഘാലയ ഗോ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.
ടൂറിസം കേരളത്തെ നശിപ്പിക്കുന്നുവോ? സംസ്ഥാനത്തെ പരിധിവിട്ട വിനോദ സഞ്ചാരം പ്രകൃതി ദുരന്തത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതിനായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജലസ്രോതസുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയ ഇടങ്ങളിലാണ് കൂടുതല്‍ സാധ്യത കാണുന്നത്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ വേമ്പനാട് കായലിന്‍റെ മലീനികരണ പ്രശ്‌നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഹൗസ് ബോട്ടുകളില്‍ നിന്ന് അടക്കം പുറന്തള്ളുന്ന ശുചിമുറി മാലിന്യങ്ങള്‍ ജലജീവികളുടെ നിലനില്‍പ്പിനും ജലമലിനീകരണത്തിനും കാരണമാണ്. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്ത് ബയോ ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കണമെന്ന നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ടൂറിസത്തിന് തിരിച്ചടിയോ? വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ആഗോള തലത്തിലെ കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ക്ക് തിരിച്ചടിയായെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോഴുള്ളത്. ഇതിനെ മറികടക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കിടെയാണ് നോ ലിസ്റ്റില്‍ കേരളം ഇടംപിടിച്ചത്. നോ ലിസ്റ്റ് കേരളത്തിന് വന്‍ തിരിച്ചടിയാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. സംസ്ഥാനത്തെ ജിഡിപിയുടെ 10 ശതമാനവും ടൂറിസം മേഖലയില്‍ നിന്നുള്ളതാണ്. ഇതിന് തടസമുണ്ടായാല്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലായ കേരളം സാമ്പത്തിക ഞെരുക്കത്തിലമര്‍ന്നേക്കും. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരോ ടൂറിസം വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തിന് പുറമെ ഇന്ത്യോനേഷ്യയിലെ ബാലി, യൂറോപ്പിലെ ഏതാനും സ്‌പോട്ടുകള്‍, തായ്‌ലന്‍ഡിലെ കോ സമുയ്, എവറസ്റ്റ് കൊടുമുടി, ഇറ്റലിയിലെ അഗ്രിഗേന്‍റോ സിസിലി, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ജപ്പാനിലെ ക്രോട്ടോ, ടോകി എന്നീ സ്ഥലങ്ങളാണ് നോ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളത്.