ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാള്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്‌ജ് ചെയ്‌തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. പെര്‍ത്തില്‍ ഓസീസ് ഇന്നിങ്‌സിനിടെ സ്റ്റാർക്ക് ഹർഷിത് റാണയെ 'ഭീഷണി'പ്പെടുത്തിയതിനുള്ള മറുപടിയായിരുന്നു ജയ്‌സ്വാള്‍ നല്‍കിയത്.
തനിക്കെതിരെ തുടര്‍ച്ചയായി ബൗൺസറുകളെറിഞ്ഞ റാണയോട് നിന്നേക്കാൾ വേഗത്തിൽ പന്തെറിയാൻ തനിക്ക് കഴിയുമെന്നായിരുന്നു സ്റ്റാര്‍ക്കിന്‍റെ വാക്കുകള്‍. ബാറ്റെടുത്ത് ക്രീസില്‍ നില്‍ക്കെ ലോകത്തിലെ ഏറ്റവും മികച്ച ഇടങ്കയ്യന്‍ പേസര്‍മാരില്‍ ഒരാളായ സ്റ്റാര്‍ക്കിന്‍റെ പന്തിന് 'തീരെ വേഗം പോരാ' എന്നായിരുന്നു 22-കാരന്‍ തിരിച്ചടിച്ചത്. ഓസീസ്പേസ് ആക്രമണത്തെ ഫലപ്രദമായി നേരിട്ട് സെഞ്ചുറിയടിച്ചായിരുന്നു ജയ്‌സ്വാള്‍ തന്‍റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
യശസ്വി ജയ്‌സ്വാള്‍ (IANS) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇതിന് ശേഷം ആദ്യമായി നേര്‍ക്കുനേര്‍ക്കെത്തിയപ്പോള്‍ യശസ്വിയെ ഗോള്‍ഡന്‍ ഡക്കായി തിരികെ കയറ്റാന്‍ 34-കാരനായ സ്റ്റാര്‍ക്കിന് കഴിഞ്ഞു. യശസ്വിയുടെ ടെസ്റ്റ് കരിയറിലെ ആദ്യ ഗോള്‍ഡന്‍ ഡക്കാണിത്. ഇതിന് പിന്നാലെ ഇന്ത്യന്‍ യുവതാരത്തിന് നേരെ ട്രോള്‍ മഴയായിരുന്നു സോഷ്യല്‍ മീഡിയയിലുണ്ടായത്.
സ്ലെഡ്‌ജിങ് ക്രിക്കറ്റിന് അന്യമോ?
സ്റ്റാര്‍ക്കിനെപ്പോലെ ഒരു താരത്തോട് കൊമ്പുകോര്‍ക്കാന്‍ യശസ്വി വളര്‍ന്നിട്ടില്ലെന്നും, 22കാരന്‍ കാണിച്ചത് അനാദരവാണെന്നുമായിരുന്നു ഒരു കൂട്ടരുടെ വാദം. ചിലര്‍ താരത്തിന്‍റെ കുടുംബ പശ്ചാത്തലം വരെ ഇതിലേക്ക് വലിച്ചിഴച്ചു. എന്നാൽ സ്ലെഡ്‌ജിങ് ക്രിക്കറ്റിന് അപരിചിതമല്ലയെന്ന കാര്യം ഇക്കൂട്ടര്‍ക്ക് അറിയില്ലേയെന്നതാണ് ചോദ്യം.
കാലങ്ങളായി സ്ലെഡ്‌ജിങ് ഈ കളിയുടെ ഭാഗമാണ്. എതിരാളിയെ പ്രകോപിപ്പിച്ച്, അയാളുടെ ഏകാഗ്രത തകര്‍ക്കാനുള്ള മാര്‍ഗമായാണ് കളിക്കാര്‍ സ്ലെഡ്‌ജിങ് നടത്തുന്നത്. ഓസ്‌ട്രേലിയയെപ്പോലുള്ള ടീമുകൾ അതിനെ ഒരു കലാരൂപമായി തന്നെ മാറ്റുകയും ചെയ്‌തിരുന്നു. മൈറ്റി ഓസീസിന്‍റെ പ്രധാന തന്ത്രങ്ങളിലൊന്നായിരുന്നു ഈ സ്ലെഡ്‌ജിങ്.
സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ഷെയ്ൻ വോൺ തുടങ്ങിയവര്‍ കളിക്കളത്തില്‍ നടത്തിയ പോരുകള്‍ ആരാധകര്‍ മറക്കാനിടയില്ല. വാക്കുകളാല്‍ എതിരാളികളെ ഇക്കൂട്ടര്‍ നിഷ്‌പ്രഭമാക്കിയ എത്രയോ സന്ദര്‍ഭങ്ങള്‍ക്കാണ് കളിക്കളങ്ങള്‍ സാക്ഷിയായിട്ടുള്ളത്.
ദാദ പകര്‍ന്ന ഊര്‍ജ്ജം
രണ്ടായിരത്തിന്‍റെ തുടക്കത്തില്‍, സൗരവ് ഗാംഗുലി ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് പിന്നാലെയാണ് ഇന്ത്യയും തീയ്‌ക്ക് തീകൊണ്ടുതന്നെ മറുപടി നല്‍കിത്തുടങ്ങിയത്. വാക്‌പോരോ, അല്ലെങ്കില്‍ പന്തും ബാറ്റും കൊണ്ടുള്ള പോരോ ആവട്ടെ, മുന്നില്‍ നിന്നും നയിക്കാന്‍ ദാദയുണ്ടായിരുന്നു. അവിടെ നിന്നാണ് എതിരാളികള്‍ ഇന്ത്യയെ ഭയപ്പെട്ട് തുടങ്ങുന്നത്.
വാങ്കഡെയിലെ വിജയത്തിന് ശേഷം ഫ്ലിന്‍റോഫും,ലോര്‍ഡ്‌സിലെ വിജയത്തിന് ശേഷം ഗാംഗുലിയും (ETV Bharat) മൈറ്റി ഓസീസിനെ വരെ ദാദയും സംഘവും കടപുഴക്കി. ക്രിക്കറ്റിന്‍റെ മക്കയായ ലോഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്റ്റ് ടൂർണമെന്‍റ് വിജയത്തിന് ശേഷം ജഴ്‌സി ഊരി കറക്കി ആരാധകരെ പ്രകമ്പനം കൊള്ളിച്ച ഗാംഗുലിയെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. വാങ്കെഡെയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ ജഴ്‌സി ഊരി വീശിയ ആന്‍ഡ്രൂ ഫ്ളിന്‍റോഫിന് അവരുടെ മണ്ണില്‍ വച്ച് അതേ നാണയത്തിലുള്ള ദാദയുടെ മറുപടിയായിരുന്നുവത്. പിന്നീട് വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഈ ശൈലി പിന്‍പറ്റി.
ALSO READ: കോലി ഫ്ലോപ്പാവുന്നത് എന്തുകൊണ്ട്?; കാരണം ഇതെന്ന് മഞ്ജരേക്കർ
യശസ്വിയും ആ ദാദയുടെ പിന്മുറക്കാരനാണ്. തീയ്‌ക്ക് അവന്‍ തീകൊണ്ടു തന്നെ മറുപടി നല്‍കും. അതിനുള്ള കഴിവും മികവും അവനുണ്ട്. ഈ വര്‍ഷം മാത്രം ടെസ്റ്റില്‍ 13 മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 1,280 റൺസാണ് ജയ്‌സ്വാള്‍ അടിച്ച് കൂട്ടിയിട്ടുള്ളത്. ട്രോള്‍ ചെയ്യുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കുമുള്ള മറുപടിയാണിത്. ആ 22-കാരനെ അങ്ങനെ തകര്‍ക്കാനാവില്ല.