മുംബൈ: രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്ക് എതിരെ മിന്നും പ്രകടനമാണ് മുംബൈയുടെ യുവതാരം മുഷീര്‍ ഖാന്‍ (Musheer Khan) നടത്തിയത്. മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി നേടി മിന്നിത്തിളങ്ങിയിരിക്കുകയാണ് മുഷീര്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുകള്‍ തീര്‍ത്ത് 255 പന്തുകളില്‍ നിന്നാണ് 19-കാരനായ താരം സെഞ്ചുറിയിലേക്ക് എത്തിയത്.
326 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ ആകെ 136 റണ്‍സാണ് മുഷീര്‍ നേടിയത്. സെഞ്ചുറി പ്രകടനത്തോടെ മുംബൈക്കായി കളിച്ച് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ( Sachin Tendulkar) തീര്‍ത്ത ഒരു റെക്കോഡ് തിരുത്തി എഴുതിയിരിക്കുകയാണ് മുഷീര്‍ ഖാന്‍. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായാണ് മുഷീര്‍ നേടിയിരിക്കുന്നത്.
19 വയസും 14 ദിവസവുമുള്ളപ്പോഴാണ് മുഷീര്‍ രഞ്‌ജി ഫൈനലില്‍ സെഞ്ചുറി കണ്ടെത്തിയിരിക്കുന്നത്. 1994/95 സീസണിൽ പഞ്ചാബിനെതിരായ ഫൈനലില്‍ ഇരട്ട സെഞ്ചുറി നേടിയായിരുന്നു സച്ചിന്‍ റെക്കോഡിട്ടത്. അന്ന് തന്‍റെ 21 വയസും 11 മാസവുമായിരുന്നു സച്ചിന്‍റെ പ്രായം.
വിഖ്യാതമായ വാങ്കഡെയില്‍ മുഷീര്‍ തന്‍റെ റെക്കോഡ് തകര്‍ക്കുന്നതിന് സാക്ഷിയാവാന്‍ സച്ചിനും സന്നിഹിതനായിരുന്നു. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി നടത്തിയ മിന്നും പ്രകടനത്തിന്‍റെ ബലത്തിലാണ് മുഷീര്‍ ഖാന്‍ രഞ്‌ജിയില്‍ മുംബൈയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരുന്നു മുഷീര്‍ ഖാന്‍. 60.00 ശരാശരിയില്‍ 360 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്.