വിശാഖപട്ടണം :ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ തോല്‍വി വഴങ്ങിയെങ്കിലും അതിന്‍റെ നിരാശകളൊന്നും തന്നെ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്കിടയില്‍ ഇല്ല. കാരണം, 300ല്‍ അധികം ദിവസങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയ താരം എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് അവര്‍. ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ 192 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്‌ത ചെന്നൈയ്‌ക്കായി എട്ടാമനായി ക്രീസിലേക്ക് എത്തിയ ധോണി 16 പന്തില്‍ 37 റണ്‍സായിരുന്നു അടിച്ചെടുത്തത്.
മത്സരത്തില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞിരുന്ന മുകേഷ് കുമാറിനെ നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ടിലും ബൗണ്ടറി പായിച്ചാണ് ധോണി തന്‍റെ റണ്‍വേട്ട തുടങ്ങിയത്. പിന്നാലെ ഖലീല്‍ അഹമ്മദ്, ആൻറിച്ച് നോര്‍ക്യ എന്നിവര്‍ക്കെതിരെയും എംഎസ് ധോണി തകര്‍പ്പൻ ബാറ്റിങ് കാഴ്‌ചവച്ചു. മൂന്ന് സിക്‌സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ ധോണിയുടെ ഇന്നിങ്‌സ്.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ ഈ ഒരൊറ്റ വെടിക്കെട്ട് ഇന്നിങ്‌സുകൊണ്ട് നിരവധി റെക്കോഡുകളും തന്‍റെ പേരിലാക്കിയാണ് ധോണി വിശാഖപട്ടണത്തെ മൈതാനത്ത് നിന്നും തിരികെ കയറിയത്. ഈ പ്രകടനത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ 5,000 റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ധോണി മാറി. ദിനേശ് കാര്‍ത്തിക് (4233), റോബിൻ ഉത്തപ്പ (3011), ക്വിന്‍റണ്‍ ഡി കോക്ക് (2812), റിഷഭ് പന്ത് (2737) എന്നിവരാണ് പട്ടികയില്‍ ധോണിക്ക് പിന്നിലുള്ള മറ്റ് താരങ്ങള്‍.