മുംബൈ : കഴിഞ്ഞ ഏകദിന ലോകകപ്പില്‍ (ODI World Cup 2023) ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഫൈനലിലാണ് വിരാമമായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഇന്ത്യയെ കീഴടക്കിയത് (India vs Australia). രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ചേര്‍ന്ന് ലോക കിരീടം ഉയര്‍ത്താന്‍ കാത്തിരുന്ന കോടിക്കണക്കിന് ആരാധകരുടെ കണ്ണീര്‍ വീഴ്‌ത്തുന്നതായിരുന്നു അത്.
ടീമിന്‍റെ തോൽവിക്ക് പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ടത് പിച്ചിന്‍റെ സ്വഭാവമായിരുന്നു. മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കുന്നതിനായി പിച്ചില്‍ നടത്തിയ ഇടപെടലാണ് തിരിച്ചടിച്ചതെന്നായിരുന്നു പ്രധാന വാദം. ഇപ്പോഴിതാ, ഇതിന് അടിവരയിട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് (Mohammad Kaif).
പിച്ച് തയ്യാറാക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) ഇടപെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിന് താന്‍ സാക്ഷിയാണെന്നും ഇന്ത്യയുടെ മുന്‍ താരം പറഞ്ഞു. "ഫൈനലിന് മുന്നെയുള്ള മൂന്ന് ദിവസങ്ങളില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ആ മൂന്ന് ദിവസങ്ങളിലും പിച്ചില്‍ പരിശോധന നടത്തിയിരുന്നു. ഒരു മണിക്കൂര്‍ സമയമാണ് എല്ലാ ദിവസവും അവര്‍ പിച്ചില്‍ നിന്നത്.
പിച്ചിന്‍റെ നിറം മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിച്ച് നനച്ചിരുന്നില്ല. അതില്‍ പുല്ലും ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്ക് ഒരു സ്ലോ ട്രാക്ക് നല്‍കാനായിരുന്നു ഇന്ത്യ ശ്രമിച്ചിരുന്നത്. ഓസീസ് നിരയില്‍ പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ സാന്നിധ്യമാണ് ആതിഥേയരെ ഇതിന് പ്രേരിപ്പിച്ചത്.
എന്നാല്‍ അത് തിരിച്ചടിക്കുകയാണ് ചെയ്‌തത്. അത് സത്യമാണ്. ആളുകൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഇതാണ് സത്യം. ക്യുറേറ്റര്‍മാര്‍ സ്വന്തം നിലയ്‌ക്കാണ് പിച്ചുകള്‍ തയ്യാക്കുന്നതെന്നും അതില്‍ മറ്റാരും ഇടപെടാറില്ലെന്നുമാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇത് തീര്‍ത്തും അസംബന്ധമാണ്.