റാവൽപിണ്ടി: പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ബംഗ്ലദേശ് ടീം. രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. ഓഗസ്റ്റ് 30 ന് റാവൽപിണ്ടിയിൽ ആരംഭിച്ച പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി. 185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു.
ബംഗ്ലാദേശ് ടീമിലെ ഓപ്പണർമാർ മികച്ച കൂട്ടുകെട്ട് വിജയത്തിന് ചുക്കാൻ പിടിച്ചു. സാക്കിര്‍ ഹസന്‍ (40), നജ്മുള്‍ ഹുസൈന്‍ ഷാന്‍റോ (38), മോമിനുള്‍ ഹഖ് (34), ഷദ്മാന്‍ ഇസ്ലാം (24) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുഷ്ഫിഖുർ റഹിം 22 റൺസുമായും ഷാകിബ് അൽ ഹസൻ 21 റൺസുമായും പുറത്താകാതെ നിന്നു.
ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശ് 10 വിക്കറ്റിന് ജയിച്ചിരുന്നു.പാകിസ്ഥാൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ് ടീം ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു. 22 വർഷത്തിന് ശേഷം ആദ്യമായി പാകിസ്ഥാനെതിരെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ബംഗ്ലാദേശ് ഇനി അടുത്തത് ഇന്ത്യക്കെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. സ്‌കോർ: പാകിസ്‌താൻ: 274, 172, ബംഗ്ലാദേശ്: 262, 185.