മുംബൈ :ഐപിഎല്‍ പതിനേഴാം പതിപ്പിനോട് ഗുഡ്‌ബൈ പറയാൻ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്ന് ഇറങ്ങാം. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാൻ മുംബൈ ഇറങ്ങുമ്പോള്‍ വമ്പൻ മാര്‍ജിനില്‍ ആതിഥേയരെ തകര്‍ത്ത് വിദൂരമായെങ്കിലും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകും സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ശ്രമം.
പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 13 കളിയില്‍ 12 പോയിന്‍റാണ് അവര്‍ക്കുള്ളത്. സീസൺ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന മൂന്ന് മത്സരങ്ങളിലെ തുടര്‍തോല്‍വികളാണ് ലഖ്‌നൗവിന് തിരിച്ചടി സമ്മാനിച്ചത്.
കൊല്‍ക്കത്തയോടും ഹൈദരാബാദിനോടും വഴങ്ങേണ്ടി വന്ന വമ്പൻ തോല്‍വി അവരുടെ നെറ്റ് റണ്‍റേറ്റും നെഗറ്റീവിലേക്ക് എത്തിച്ചു. ഇതോടെയാണ് പ്ലേഓഫിലേക്കുള്ള ലഖ്‌നൗവിന്‍റെ സാധ്യതകള്‍ ഏറെക്കുറെ അസ്‌തമിച്ചത്. ഇന്ന്, മുംബൈ ഇന്ത്യൻസിനെ കൂറ്റൻ മാര്‍ജിനില്‍ തോല്‍പ്പിച്ചാലും ആദ്യ നാലില്‍ ഇടം കണ്ടെത്തുക എന്നത് ലഖ്‌നൗവിന് പ്രയാസമായിരിക്കും.
അതേസമയം, പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന് ഇത് അഭിമാനപോരാട്ടമാണ്. സീസണില്‍ കളിച്ച 13 കളിയില്‍ 9-ലും അവര്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആയിരിക്കും മുംബൈ ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ നടത്തുക.