മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിനെ 173 റണ്‍സില്‍ പിടിച്ചുകെട്ടിയ മുംബൈ ഏഴ് വിക്കറ്റ് ശേഷിക്കെ 17.2 ഓവറില്‍ ജയം സ്വന്തമാക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ മുംബൈയെ സൂര്യകുമാര്‍ യാദവിന്‍റെ അപരാജിത സെഞ്ച്വറിയാണ് ജയത്തിലേക്ക് എത്തിച്ചത്.
174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ തുടക്കം പതിവ് പോലെ തന്നെ തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ അവര്‍ക്ക് ആദ്യ മൂന്ന് വിക്കറ്റും നഷ്‌ടമായി. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഇഷാൻ കിഷനാണ് ആദ്യം മടങ്ങിയത്.
7 പന്തില്‍ 9 റണ്‍സ് നേടിയ താരത്തെ മാര്‍കോ യാൻസൻ മായങ്ക് അഗര്‍വാളിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. രോഹിത് ശര്‍മയായിരുന്നു പിന്നാലെ വീണത്. അഞ്ച് പന്തില്‍ നാല് റണ്‍സ് നേടിയ മുംബൈ മുൻ നായകനെ ഹൈദരാബാദ് ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.
തൊട്ടടുത്ത ഓവറില്‍ നമാൻ ധിറും പുറത്തായി. 9 പന്ത് നേരിട്ട താരത്തിന് റണ്‍സ് ഒന്നും നേടാൻ സാധിച്ചിരുന്നില്ല. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.
പിന്നീട് ക്രീസില്‍ ഒരുമിച്ച തിലക് വര്‍മ - സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് മുംബൈ ഇന്ത്യൻസിന്‍റെ ജയം എളുപ്പമാക്കിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 143 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവിന് വേണ്ട പിന്തുണ നല്‍കി കളിച്ച തിലക് വര്‍മ 32 പന്ത് നേരിട്ട് 37 റണ്‍സാണ് പുറത്താകാതെ നേടിയത്.
51 പന്തില്‍ 102 റണ്‍സായിരുന്നു സൂര്യകുമാറിന്‍റെ സമ്പാദ്യം. ആറ് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 173 റണ്‍സ് നേടിയത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആയിരുന്നു അവരുടെ ടോപ് സ്കോറര്‍. മധ്യനിരയില്‍ ക്ലാസൻ ഉള്‍പ്പടെയുള്ള പ്രധാനികള്‍ പതറിയപ്പോള്‍ വാലറ്റത്ത് 17 പന്തില്‍ 35 റണ്‍സുമായി ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. മുംബൈയ്‌ക്കായി നായകൻ ഹാര്‍ദിക് പാണ്ഡ്യയും വെറ്ററൻ സ്പിന്നര്‍ പിയൂഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം നേടി.
Also Read :കാവിയും നീലയും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്ത്?, സമ്മിശ്ര പ്രതികരണം - India T20 World Cup 2024 Jersey