ലഖ്‌നൗ :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങ്‌സിന് മികച്ച തുടക്കമായിരുന്നു അവരുടെ ക്യാപ്‌റ്റൻ ശിഖര്‍ ധവാനും ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് നല്‍കിയത്. പഞ്ചാബ് ഓപ്പണര്‍മാര്‍ 70 പന്തില്‍ 102 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതോടെ, സന്ദര്‍ശകര്‍ സീസണിലെ രണ്ടാം ജയത്തിലേക്ക് അനായാസം തന്നെ കുതിക്കുമെന്നായിരുന്നു പലരും കരുതിയത്.
എന്നാല്‍, മധ്യ ഓവറുകളിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം തിരിച്ചുപിടിച്ചത്. അതാകട്ടെ 21കാരനായ മായങ്ക് യാദവ് എന്ന യുവ പേസറുടെ മികവിലും. നാല് ഓവര്‍ സ്പെല്ലില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവിന്‍റെ പ്രകടനമായിരുന്നു സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ആദ്യ ജയം സമ്മാനിച്ചത്. കൂടാതെ, സീസണിലെ ഏറ്റവും വേഗതയാര്‍ന്ന പന്തും എറിഞ്ഞായിരുന്നു താരം തന്‍റെ സ്പെല്‍ അവസാനിപ്പിച്ചത്.
മികച്ച രീതിയിലായിരുന്നു പഞ്ചാബ് റണ്‍ ചേസ് തുടങ്ങിയത്. ലഖ്‌നൗ ബൗളര്‍മാര്‍ക്കെതിരെ ധവാനും ബെയര്‍സ്റ്റോയും അനായാസം റണ്‍സ് കണ്ടെത്തി. പഞ്ചാബ് ഒന്‍പത് ഓവറില്‍ 88-0 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു മായങ്ക് യാദവിന് ലഖ്‌നൗ നായകനായ നിക്കോളസ് പുരാൻ പന്ത് ഏല്‍പ്പിക്കുന്നത്.
കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ താരത്തിന് ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങേണ്ടി വന്നു. എന്നാല്‍, ഈ ഓവറില്‍ തന്നെ തന്‍റെ വേഗം കൊണ്ട് കളിയാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മായങ്കിന് സാധിച്ചു.
147 കിമി വേഗമായിരുന്നു താരത്തിന്‍റെ ആദ്യ പന്തിന് ഉണ്ടായിരുന്നത്. തന്‍റെ സ്പെല്ലില്‍ ഉടനീളം ഇതേ വേഗതയില്‍ സ്ഥിരതയോടെ തന്നെ പന്തെറിയാൻ മായങ്കിന് സാധിച്ചു. ആദ്യ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയെങ്കിലും 12-ാം ഓവറും പന്തെറിയാൻ പുരാൻ മായങ്കിനെയാണ് ബൗളിങ് എന്‍ഡിലേക്ക് കൊണ്ടുവന്നത്.