ധര്‍മ്മശാല:ഇന്ത്യയ്‌ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് (India vs England). റാഞ്ചിയിലെ നാലാം ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമാണ് ഇംഗ്ലീഷ് ഇറങ്ങുന്നത്. ഒല്ലി റോബിൻസണിന് (Ollie Robinson ) പകരം മാർക്ക് വുഡ് (Mark Wood) ടീമിലേക്ക് തിരികെ എത്തി. ഇതോടെ ഇംഗ്ലീഷ് ബോളിങ് നിരയില്‍ രണ്ട് വീതം സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരും പേസര്‍മാരുമായി.
ജോ റൂട്ടിലൂടെ ഒരു അധിക സ്പിൻ ഒപ്ഷനും ടീമിന് ലഭിക്കും. ഹൈദരാബാദിലും രാജ്‌കോട്ടിലും കളിച്ച മാര്‍ക്ക് വുഡിന് 55.5 ശരാശരിയിൽ നാല് വിക്കറ്റുകളാണ് പരമ്പരയില്‍ വീഴ്‌ത്താന്‍ കഴിഞ്ഞിട്ടുള്ളത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് നിരയിലെ ഏക പേസറായിരുന്നു മാര്‍ക്ക് വുഡ്. എന്നാല്‍ വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാതിരുന്ന താരത്തെ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തി. മത്സരത്തില്‍ 106 റൺസിന് പരാജയപ്പെട്ടതോടെ രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിനായി സന്ദർശകർ വുഡിനെ തിരികെ എത്തിച്ചു.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് താരം നാല് വിക്കറ്റുകളും വീഴ്‌ത്തിയത്. നാലാം ടെസ്റ്റിൽ വീണ്ടും വുഡിനെ ഒഴിവാക്കി റോബിന്‍സണിന് ഇംഗ്ലണ്ട് അവസരം നല്‍കി. റാഞ്ചിയില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 58 റൺസ് നേടിയ റോബിൻസണിന് വിക്കറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ധര്‍മ്മശാലയില്‍ നാളെയാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയർസ്റ്റോ തന്‍റെ കരിയറിലെ 100-ാം ടെസ്റ്റിനാണ് ഇറങ്ങുന്നത്.