കേരളം

kerala

ETV Bharat / sports

വെസ്റ്റ്ഹാമിനോട് തോറ്റു, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ 'കഷ്‌ടകാലം' തുടരുന്നു; ചെല്‍സിക്ക് ജയം, ആഴ്‌സണല്‍ ലിവര്‍പൂള്‍ പോര് സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി, വെസ്റ്റ്ഹാം, ക്രിസ്റ്റല്‍ പാലസ് ടീമുകള്‍ക്ക് ജയം. ചെല്‍സി ന്യൂകാസിലിനെയും വെസ്റ്റ്ഹാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ക്രിസ്റ്റല്‍ പാലസ് ടോട്ടൻഹാമിനെയും പരാജയപ്പെടുത്തി.

PREMIER LEAGUE FOOTBALL  MANCHESTER UNITED VS WEST HAM  ARSENAL VS LIVERPOOL RESULT  CHELSEA VS NEWCASTLE UNITED
Photo Collage Of Bruno Fernandes and Cole palmer (X@ManUtd, ChelseaFC)

By ETV Bharat Kerala Team

Published : Oct 28, 2024, 7:45 AM IST

ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ നാലാം തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എവേ മത്സരത്തില്‍ വെസ്റ്റ്‌ഹാം യുണൈറ്റഡാണ് മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയുടെ കരുത്തില്‍ 2-1 എന്ന സ്കോറിനാണ് വെസ്റ്റ്ഹാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയത്.

ക്രിസെൻസിയോ സമ്മർവില്ലെ, ജറോഡ് ബോവൻ എന്നിവരാണ് വെസ്റ്റ്ഹാം യുണൈറ്റഡിന്‍റെ ഗോള്‍ സ്കോറര്‍മാര്‍. കാസിമിറൊയുടെ വകയായിരുന്നു യുണൈറ്റഡിന്‍റെ ആശ്വാസഗോള്‍. മത്സരത്തിന്‍റെ തുടക്കത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാൻ സാധിക്കാതെ പോയതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായത്.

പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ 14-ാം സ്ഥാനത്താണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 9 മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമാണ് അവരുടെ അക്കൗണ്ടില്‍. ഈ ജയത്തോടെ വെസ്റ്റ്ഹാം 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 9 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റാണ് അവര്‍ക്കും. ഗോള്‍ ശരാശരിയുടെ കരുത്തിലാണ് യുണൈറ്റഡിനേക്കാള്‍ ഒരുപടി മുന്നില്‍ വെസ്റ്റ്ഹാം സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, സീസണില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ചെല്‍സി. ലീഗ് റൗണ്ടിലെ 9-ാം മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെയാണ് ചെല്‍സി തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.

18-ാം മിനിറ്റില്‍ നിക്കോളസ് ജാക്‌സനും 47-ാം മിനിറ്റില്‍ കോള്‍ പാമെറും നേടിയ ഗോളുകളാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ചെല്‍സിയ്‌ക്ക് ജയമൊരുക്കിയത്. 32-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക്കായിരുന്നു സന്ദര്‍ശകര്‍ക്ക് വേണ്ടി ഗോളടിച്ചത്. ജയത്തോടെ അഞ്ചാം സ്ഥാനക്കാരായ ചെല്‍സിയ്‌ക്ക് ലീഗില്‍ 17 പോയിന്‍റായി.

പോയിന്‍റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരയ ലിവര്‍പൂളും ആഴ്‌സണലും തമ്മിലേറ്റുമുട്ടിയ പോരാട്ടം സമനിലയിലാണ് കലാശിച്ചത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ നേടി പിരിയുകയായിരുന്നു. മത്സരത്തിന്‍റെ 9-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ മുന്നിലെത്തിയ ആഴ്‌സണലിനെതിരെ 18-ാം മിനിറ്റില്‍ വാൻ ഡെക്കിന്‍റെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ ആദ്യം ഒപ്പമെത്തിയത്.

പിന്നീട്, 43-ാം മിനിറ്റില്‍ മൈക്കല്‍ മെറിനോയിലൂടെ ആഴ്‌സണല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 81-ാം മിനിറ്റില്‍ മുഹമ്മദ് സലായിലുടെയാണ് ലിവര്‍പൂള്‍ സമനില നേടിയത്. സീസണിലെ ആദ്യ 9 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലിവര്‍പൂളിന് 22 പോയിന്‍റും ആഴ്‌സണലിന് 18 പോയിന്‍റുമാണ് ഉള്ളത്.

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ടോട്ടൻഹാമിനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ക്രിസ്റ്റല്‍ പാലസിന്‍റെ ജയം. 31-ാം മിനിറ്റില്‍ ജീൻ ഫിലിപ്പ് മറ്റേറ്റയാണ് വിജയഗോള്‍ നേടിയത്.

Also Read :ഹാൻസി ഫ്ലിക്ക് 'മാജിക്ക്'; നഷ്‌ടപ്രതാപം വീണ്ടെടുക്കുന്ന ബാഴ്‌സലോണ

ABOUT THE AUTHOR

...view details