ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം മത്സരത്തിലും പരാജയപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി. കരുത്തരായ ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം അടിയറവ് പറഞ്ഞത്. സിറ്റിയെ പരാജയപ്പെടുത്തിയതോടെ പോയിന്‍റ് പട്ടികയില്‍ ഒൻപത് പോയിന്‍റ് ലീഡോടെ ഒന്നാം സ്ഥാനത്താണ് ലിവർപൂള്‍. എല്ലാ ലീഗുകളിലുമായി സിറ്റിയുടെ ഏഴാം മത്സരത്തിലെ ആറാം പരാജയമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആൻഫീൽഡിൽ നടന്ന പോരാട്ടത്തില്‍ കോഡിഗാക്പോയും മുഹമ്മദ് സലാഹുമാണ് സിറ്റിയുടെ വലകുലുക്കിയത്. ജയത്തോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ മുന്നേറുകയാണ്.13 മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റാണ് ലിവർപൂളിനുള്ളത്. രണ്ടാമത് നില്‍ക്കുന്ന ആഴ്‌സനലിന് 25 പോയിന്‍റ് മാത്രമാണുള്ളത്. 23 പോയിന്‍റുമായി സിറ്റി അഞ്ചാമതാണ്.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റർ യുനൈറ്റഡ് എതിരില്ലാത്ത നാലു ഗോളിന് എവർട്ടണനെ തകര്‍ത്തു. മാർക്കസ് റാഷ്‌ഫോർഡും (34,46) ജോഷ്വാ സിർക്‌സീയും (41,64) യുനൈറ്റഡിനായി ഇരട്ട ഗോളുകൾ നേടി. പുതിയ പരിശീലകനായി റൂബൻ അമോറിം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുനൈറ്റഡിന്‍റെ പ്രീമിയർ ലീഗിലെ ആദ്യ ജയമായിരുന്നു.