യുവേഫ ചാമ്പ്യൻസ് ലീഗില്‍ ജൈത്രയാത്ര തുടരുകയാണ് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. ലീഗിലെ മൂന്നാം മത്സരത്തില്‍ സിറ്റി ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സ്‌പാര്‍ട്ട പ്രാഗയേയും ലിവര്‍പൂള്‍ ജര്‍മ്മൻ ക്ലബ് ആര്‍ബി ലെയ്‌പ്‌സിഗിനെയുമാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കാൻ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമായി.
സ്‌പാര്‍ട്ട പ്രാഗയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. സൂപ്പര്‍ താരം എര്‍ലിങ് ഹാലൻഡിന്‍റെ ഇരട്ട ഗോളുകളാണ് സിറ്റിയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ 58, 68 മിനിറ്റുകളിലായിരുന്നു ഹാലൻഡ് ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെയാണ് സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതിയില്‍ ഈ ഒറ്റ ഗോള്‍ മാത്രമായിരുന്നു സിറ്റിയുടെ അക്കൗണ്ടില്‍. രണ്ടാം പകുതിയില്‍ ഹാലൻഡിന് പുറമെ ജോണ്‍ സ്റ്റോണ്‍സ് (64-ാം മിനിറ്റ്), പെനാല്‍റ്റിയിലൂടെ മാത്യൂസ് ന്യൂനസ് (88-ാം മിനിറ്റ്) എന്നിവരായിരുന്നു സിറ്റിക്കായി ഗോള്‍ നേടിയത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലിവര്‍പൂളിന്‍റെ ജയം. 27-ാം മിനിറ്റില്‍ ഡാര്‍വിൻ ന്യൂനസാണ് ചെമ്പടയ്‌ക്കായി ഗോള്‍ നേടിയത്. ചാമ്പ്യൻസ് ലീഗില്‍ തോല്‍വി അറിയാതെ കുതിയ്‌ക്കുന്ന ലിവര്‍പൂളിന്‍റെ മൂന്നാം ജയമായിരുന്നു ഇത്.