ലഖ്‌നൗ :ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എവേ മത്സരത്തിനിറങ്ങുന്നത്. മറുവശത്താകട്ടെ ആതിഥേയരായ ലഖ്‌നൗ ഹാട്രിക് തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലും. അവസാന മത്സരത്തില്‍ ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തയോട് ലഖ്‌നൗ പരാജയപ്പെടുകയായിരുന്നു.
പേസര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ലഖ്‌നൗവില്‍ കളമൊരുങ്ങുന്നത്. പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഏകന സ്റ്റേഡിയത്തില്‍ മതീഷ പതിരണ, തുഷാര്‍ ദേശ്‌പാണ്ഡെ, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെയിറക്കി കളിക്കാനാകും ചെന്നൈയുടെ നീക്കം. മറുവശത്ത്, യുവ പേസര്‍ മായങ്ക് യാദവ് ലഖ്‌നൗ നിരയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മായങ്കിനൊപ്പം നവീൻ ഉള്‍ ഹഖ്, യാഷ് താക്കൂര്‍ എന്നിവരും ചേരുമ്പോള്‍ ചെന്നൈയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കാൻ ലഖ്‌നൗവിന് സാധിച്ചേക്കാം. സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമാണ്. ബാറ്റിങ്ങില്‍ ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദിലും ശിവം ദുബെയിലുമാണ് ചെന്നൈയുടെ റണ്‍ പ്രതീക്ഷ.