ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ലെസ്റ്റര്‍ സിറ്റിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ ജയിച്ചത്. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ ലെസ്റ്ററായിരുന്നു ആദ്യം ഗോള്‍ നേടി മുന്നിട്ടുനിന്നത്. സ്ട്രൈക്കർ ജോർഡൻ അയൂവില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. മാവ്ദിഡി നീട്ടി നൽകിയ ക്രോസില്‍ നിന്നാണ് ജോർഡൻ ലിവര്‍പൂളിന്‍റെ പോസ്റ്റിലേക്ക് ഗോളെത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടക്കം തന്നെ പിന്നോട്ട് നിന്ന ലിവര്‍പൂള്‍ ശക്തമായി കളിക്കാന്‍ തുടങ്ങി.ആദ്യ പകുതി അവസാനിക്കാനിരിക്കെ ലിവര്‍പൂള്‍ ഗോള്‍ തിരിച്ചടിച്ചു. കോഡ് ഗാക്പോയാണ് ഗോളടിച്ച് ടീമിനെ ഒപ്പമെത്തിച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചതോടെ വിജയഗോള്‍ പ്രതീക്ഷിച്ചായിരുന്നു രണ്ടാം പകുതി ആരംഭിച്ചത്.
എന്നാല്‍ 49-ാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ തങ്ങളുടെ രണ്ടാം ഗോളും അടിച്ച് ലീഡ് നേടി. കുർട്ടിസ് ജോൺസിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയത്. മക്കാലിസ്റ്റർ നൽകിയ ത്രൂ ജോൺസ് അനായാസം ലെസ്റ്ററിന്‍റെ വലിയിലാക്കുകയായിരുന്നു. പിന്നാലെ 82-ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്‍റെ ഗോളിലൂടെ ലിവർപൂൾ ജയം ഉറപ്പിച്ചു. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 42 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
മറ്റൊരു മത്സരത്തിൽ വമ്പന്മാരായ ചെൽസിയെ തകര്‍ത്ത് ഫുൾഹാം ഗംഭീര ജയം നേടി. കളിയുടെ 16-ാം മിനിറ്റിൽ തന്നെ ഗോളടിച്ച് ചെല്‍സിയായിരുന്നു മുന്നിട്ട് നിന്നത്. കോൾ പാൽമറിലൂടെയാണ് ചെല്‍സി ലീഡ് നേടിയത്. ആദ്യപകുതി ചെല്‍സിക്ക് അനുകൂലമായാണ് കളി അവസാനിച്ചത്.
എന്നാല്‍ ചെൽസിയുടെ പ്രതീക്ഷകളെ തകിടം മറിച്ച് 82-ാം മിനിറ്റില്‍ ഫുൾഹാം മറുപടി ഗോൾ നേടി. ഹാരി വിൽസനാണ് ഗോൾ സ്വന്തമാക്കിയത്. പിന്നാലെ അന്തിമ വിസിലിന് തൊട്ടുമുൻപ് റോഡ്രിഗോയിലൂടെ വിജയഗോൾ നേടി ഫുൾഹാം ചെൽസിയെ തകര്‍ക്കുകയായിരുന്നു. 35 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെൽസി.
Also Read:കറുത്ത ആംബാൻഡ് ധരിച്ച് ഇന്ത്യൻ ടീം, സ്‌മരണയുമായി പ്രമുഖര്‍; മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച് കായിക ലോകം - INDIA PLAYERS WEAR BLACK ARMBANDS