റിയാദ് :അല്‍ ഹിലാലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമിക്ക് തോല്‍വി (Al Hilal vs Inter Miami). സൗദിയിലെ കിങ്‌ഡം അരീനയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് അല്‍ ഹിലാല്‍ ജയിച്ചത് (Al Hilal vs Inter Miami Match Result). പിന്നില്‍ നിന്ന ശേഷം മത്സരത്തില്‍ സമനില പിടിച്ച ഇന്‍റര്‍ മയാമിയുടെ തോല്‍വി ഉറപ്പിച്ചത് അല്‍ ഹിലാലിന്‍റെ ബ്രസീലിയന്‍ താരം മാല്‍കോമിന്‍റെ ഗോളായിരുന്നു.
പ്രീ സീസണ്‍ ടൂറിന്‍റെ ഭാഗമായിട്ടാണ് മേജര്‍ ലീഗ് സോക്കര്‍ ക്ലബായ (MLS) ഇന്‍റര്‍ മയാമി സൗദിയിലെത്തി അല്‍ ഹിലാലിനെ സൗഹൃദ മത്സരത്തില്‍ നേരിട്ടത്. സെര്‍ബിയന്‍ താരം അലക്‌സാണ്ടര്‍ മിട്രോവിച്ചിനെ (Aleksandar Mitrovic) ഏക സ്ട്രൈക്കറായി മുന്‍ നിര്‍ത്തി 4-2-3-1 ശൈലിയിലായിരുന്നു ആതിഥേയരായ അല്‍ ഹിലാല്‍ കളിക്കാനിറങ്ങിയത്. മറുവശത്ത്, ലയണല്‍ മെസിക്കൊപ്പം ലൂയിസ് സുവാരസിനെയും മുന്‍ നിരയില്‍ അണിനിരത്തിയ ഇന്‍റര്‍ മയാമി 5-3-2 ശൈലിയിലായിരുന്നു തന്ത്രങ്ങള്‍ ഒരുക്കിയത്.
കിങ്‌ഡം അരീനയില്‍ നടന്ന മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ അടിച്ചാണ് അല്‍ ഹിലാല്‍ മെസിയേയും സംഘത്തേയും വരവേറ്റത്. 10, 13 മിനിട്ടുകളിലായിരുന്നു ആതിഥേയരുടെ ആദ്യ രണ്ട് ഗോളുകള്‍ പിറന്നത്. അലക്‌സാണ്ടര്‍ മിട്രോവിച്ച്, മധ്യനിര താരം അബ്‌ദുല്ല അല്‍ ഹംദാന്‍ എന്നിവരായിരുന്നു ഗോള്‍ സ്കോറര്‍മാര്‍.
മത്സരത്തിന്‍റെ 34-ാം മിനിട്ടില്‍ ഇന്‍റര്‍മയാമിക്കായി സുവാരസ് ഗോള്‍ കണ്ടെത്തി. എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മൈക്കിള്‍ വീണ്ടും അല്‍ ഹിലാലിന്‍റെ ലീഡ് ഉയര്‍ത്തി. ഇതോടെ, ഒന്നാം പകുതി 3-1 എന്ന സ്കോറിനായിരുന്നു അവസാനിച്ചത്.