മുംബൈ:ഇന്ത്യയ്‌ക്കായി യുവതാരം ശുഭ്‌മാന്‍ ഗില്‍ (Shubman Gill) ഓപ്പണിങ്ങിന് ഇറങ്ങണമെന്ന് പിതാവും ആദ്യകാല പരിശീലകനുമായ ലഖ്‌വീന്ദർ സിങ് (Lakhwinder Singh). ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ അവന്‍റെ തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്നും ലഖ്‌വീന്ദർ സിങ് ഒരു വാര്‍ത്ത ഏജന്‍സിയോടാണ് പ്രതികരിച്ചത്.
"ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് തീര്‍ച്ചയായും അവന്‍ തുടരണം. ഡ്രസ്സിങ് റൂമിൽ കൂടുതൽ നേരം ഇരിക്കുമ്പോൾ സമ്മർദ്ദം വർദ്ധിക്കും. മൂന്നാം നമ്പര്‍ ഓപ്പണിങ് സ്‌പോട്ട് അല്ല, എന്നാല്‍ അതു മധ്യനിരയിലുമല്ല. ഗില്ലിന്‍റെ ശൈലി മൂന്നാം നമ്പറിന് യോജിച്ചതല്ല. പ്രതിരോധത്തിലൂന്നി കളിക്കുന്ന ചേതേശ്വര്‍ പുജാരയെപ്പോലുള്ള താരങ്ങള്‍ക്ക് പറ്റിയ സ്ഥാനമാണത്.
ന്യൂ ബോളാവുമ്പോളില്‍ കൂടുതല്‍ ലൂസ് ബോളുകള്‍ ലഭിക്കും. അഞ്ചോ-ആറോ ഓവറുകള്‍ കഴിഞ്ഞാണ് ക്രീസിലെത്തുന്നതെങ്കില്‍ ബോളിന് അപ്പോഴും തിളക്കമുണ്ടാവുമെങ്കിലും ലെങ്‌ത്തിന്‍റെ കാര്യത്തില്‍ ബോളര്‍ സെറ്റായിട്ടുണ്ടാവും"- ലഖ്‌വീന്ദർ സിങ് പറഞ്ഞു.
മൂന്നാം നമ്പറില്‍ ഇറങ്ങാനുള്ള ഗില്ലിന്‍റെ തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "അവന്‍റെ തീരുമാനത്തില്‍ ഞാന്‍ ഇടപെടില്ല. അവന് സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായമുണ്ട്. കൗമാരപ്രായത്തിൽ മാത്രമാണ് അവന്‍റെ കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തത്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ 24-കാരന്‍ ഫോം കണ്ടെത്തിയതിനുള്ള കാരണവും ലഖ്‌വീന്ദർ സിങ് ചൂണ്ടിക്കാട്ടി. സ്‌റ്റെപ്പൗട്ട് ചെയ്‌ത് കളിക്കാനുള്ള തീരുമാനമാണമാണ് താരത്തിന് ഗുണം ചെയ്‌തതെന്നാണ് അദ്ദേഹം പറയുന്നത്. "സ്‌റ്റെപ്പൗട്ട് ചെയ്‌ത് കളിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കാണുന്ന മാറ്റത്തിന് പിന്നില്‍. സമ്മര്‍ദമുണ്ടാക്കുന്നതിനാലാണ് നേരത്തെ അതവന്‍ നിര്‍ത്തിയത്.