കേരളം

kerala

ETV Bharat / sports

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്‍റെ വിജയക്കുതിപ്പ്, വില്ലാറയലിന് മുന്നില്‍ അടിതെറ്റി ബാഴ്‌സലോണ - Barcelona vs Villarreal

ലാ ലിഗ ഫുട്‌ബോളില്‍ ലാസ് പല്‍മാസിനെതിരെ റയല്‍ മാഡ്രിഡിന് ജയം. വില്ലാറയലിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ട് ബാഴ്‌സലോണ.

La Liga Results  Real Madrid vs Las Palmas  Barcelona vs Villarreal  ലാ ലിഗ ഫുട്‌ബോള്‍
La Liga Football

By ETV Bharat Kerala Team

Published : Jan 28, 2024, 7:38 AM IST

മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). ഇന്നലെ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ ഒന്‍പതാം സ്ഥാനക്കാരായ ലാസ് പല്‍മാസിനെയാണ് (Las Palmas) റയല്‍ തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്‍റെ ജയം (Las Palmas vs Real Madrid Result).

വിനീഷ്യസ് ജൂനിയര്‍ (Vinicius Junior), ഒറേലിയാന്‍ ചുവാമെനി (Aurelien Tchouameni) എന്നിവര്‍ മത്സരത്തില്‍ റയലിനായി ഗോളുകള്‍ നേടി. ജാവിയര്‍ മുനോസിലൂടെയാണ് (Javier Munoz) ലാസ് പല്‍മാസ് ആശ്വാസഗോള്‍ കണ്ടെത്തിയത്. ആദ്യം ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു മത്സരത്തിലേക്ക് റയല്‍ മാഡ്രിഡിന്‍റെ തിരിച്ചുവരവ്.

ലാസ് പല്‍മാസിന്‍റെ തട്ടകമായ ഗ്രാന്‍ കനേറിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മത്സരത്തിന്‍റെ 53-ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. സാന്‍ഡ്രോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മധ്യനിരതാരം ജാവിയര്‍ മുനോസ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്.

65-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ സമനില പിടിച്ചു. കമവിംഗയുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു വിനീഷ്യസ് റയലിന്‍റെ ഗോള്‍ നേടിയത്. 84-ാം മിനിട്ടിലായിരുന്നു ടോണി ക്രൂസിന്‍റെ അസിസ്റ്റില്‍ നിന്നും ചുവാമെനി സന്ദര്‍ശകര്‍ക്കായി വിജയഗോള്‍ കണ്ടെത്തിയത്.

ലാസ് പല്‍മാസിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും റയല്‍ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്. 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 ജയവും മൂന്ന് സമനിലയും അക്കൗണ്ടിലുള്ള റയലിന് നിലവില്‍ 54 പോയിന്‍റാണ് ഉള്ളത്. 21 മത്സരത്തില്‍ നിന്നും 52 പോയിന്‍റോടെ ജിറോണയാണ് (Girona) നിലവിലെ രണ്ടാം സ്ഥാനക്കാര്‍ (La Liga Points Table).

ബാഴ്‌സലോണയെ ഞെട്ടിച്ച് വില്ലാറയല്‍:ലാ ലിഗ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. പോയിന്‍റ് പട്ടികയിലെ 14-ാം സ്ഥാനക്കാരായ വില്ലാറയലാണ് ബാഴ്‌സയെ തകര്‍ത്തത്. 3-5 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ ബാഴ്‌സയുടെ തോല്‍വി.

ഇഞ്ചുറി ടൈമിലെ ഗോളുകളായിരുന്നു മത്സരത്തില്‍ വില്ലാറയലിന് ജയമൊരുക്കിയത്. ഒളിമ്പിക് ലൂയിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡ് എടുത്തത് സന്ദര്‍ശകരായ വില്ലാറയലായിരുന്നു. 41, 54 മിനിട്ടുകളില്‍ ജെറാഡ് മൊറേനൊ, ഇലിയാസ് അഖോമച്ച് എന്നിവരാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.

എന്നാല്‍, 60-ാം മിനിട്ടില്‍ ഇല്‍കായ് ഗുണ്ടോഗനും 68-ാം മിനിട്ടില്‍ പെഡ്രിയും നേടിയ ഗോളുകളിലൂടെ മത്സരത്തില്‍ സമനില പിടിക്കാന്‍ ആതിഥേയരായ ബാഴ്‌സയ്‌ക്കായി. 71-ാം മിനിട്ടില്‍ വില്ലാറയല്‍ താരം എറിക് ബെയ്‌ലിയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സലോണയ്‌ക്ക് ലീഡ് നല്‍കി. പിന്നീടായിരുന്നു കളിയുടെ ഗതി മാറിയത്.

84-ാം മിനിട്ടില്‍ ഗോന്‍സാലോ ഗുഡെസ് സന്ദര്‍ശകരെ ആതിഥേയര്‍ക്കൊപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്‍റെ 9-ാം മിനിട്ടില്‍ അലെക്‌സാണ്ടര്‍ സൊര്‍ലോത്തിലൂടെ അവര്‍ നാലാം ഗോള്‍ കണ്ടെത്തി. തൊട്ടുപിന്നാലെ 3 മിനിട്ടിന്‍റെ വ്യത്യാസത്തില്‍ ജോസ് ലൂയിസ് മൊറാലസ് ബാഴ്‌സയുടെ വലയിലേക്ക് അഞ്ചാമത്തെ ഗോളുമെത്തിക്കുകയായിരുന്നു.

Also Read :'ഒരു കളിയെങ്കിലും ജയിക്കണം', പശുവിനെ ബലി നല്‍കി ഈജിപ്‌ത് ഫുട്‌ബോൾ ടീം അധികൃതര്‍

ഈ ജയത്തോടെയാണ് വില്ലാറയല്‍ 23 പോയിന്‍റുമായി പട്ടികയില്‍ 14-ാം സ്ഥാനത്തേക്ക് എത്തിയത്. മറുവശത്ത് മൂന്നാം സ്ഥാനത്താണ് നിലവില്‍ ബാഴ്‌സലോണ. 21 മത്സരങ്ങളില്‍ നിന്നും 44 പോയിന്‍റാണ് ടീമിനുള്ളത്.

ABOUT THE AUTHOR

...view details