മാഡ്രിഡ് :സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ സ്‌പാനിഷ് ലാ ലിഗയിലെ ചിരവൈരികള്‍ തമ്മിലേറ്റുമുട്ടിയ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ആവേശകരമായ ജയം. ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. രണ്ട് തവണ പിന്നിലായ ശേഷമായിരുന്നു റയല്‍ മാഡ്രിഡ് മത്സരം സ്വന്തമാക്കിയത്.
യുവതാരം ജൂഡ് ബെല്ലിങ്‌ഹാം ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് റയല്‍ മാഡ്രിഡിന് മത്സരത്തില്‍ വിജയം സമ്മാനിച്ചത്. ബെല്ലിങ്‌ഹാമിനെ കൂടാതെ വിനീഷ്യസ് ജൂനിയര്‍, ലൂക്കസ് വാസ്‌കസ് എന്നിവരും ആതിഥേയര്‍ക്കായി ഗോള്‍ നേടി. ആന്‍ഡ്രേസ് ക്രിസ്റ്റൻസൻ, ഫെര്‍മിൻ ലോപസ് എന്നിവരായിരുന്നു ബാഴ്‌സലോണയുടെ ഗോള്‍ സ്കോറര്‍മാര്‍.
റയലിന്‍റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ മികച്ച തുടക്കം ലഭിച്ചത് ബാഴ്‌സലോണയ്‌ക്കായിരുന്നു. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ സന്ദര്‍ശകര്‍ക്ക് റയലിനെ ഒരു ഗോളിന് പിന്നിലാക്കാൻ സാധിച്ചു. സെറ്റ് പീസില്‍ നിന്നുള്ള ഹെഡറിലൂടെ ക്രിസ്റ്റൻസൻ ആണ് റയലിന്‍റെ വലയിലേക്ക് പന്തെത്തിച്ചത്.
ഈ ഗോളിന് അധികം വൈകാതെ തന്നെ മറുപടി നല്‍കാൻ റയല്‍ മാഡ്രിഡിന് സാധിച്ചു. മത്സരത്തിന്‍റെ 18-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് അവര്‍ സമനില ഗോള്‍ കണ്ടെത്തിയത്. ബോക്‌സിനുള്ളില്‍ വാസ്‌കസിനെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പിന്നീട്, മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും പിറന്നില്ല.