വിറ്റോറിയ ഗസ്‌റ്റേയിസ് (സ്‌പെയിന്‍):സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ ബാഴ്‌സലോണയ്‌ക്ക് (Barcelona) ജയം. എവേ മത്സരത്തില്‍ അലവെസിനെയാണ് കറ്റാലന്‍ ക്ലബ് പരാജയപ്പെടുത്തിയത്. 3-1 എന്ന സ്കോറിനാണ് മത്സരത്തില്‍ ബാഴ്‌സലോണയുടെ വിജയം (Alaves vs Barcelona Match Result).
റോബര്‍ട്ട് ലെവൻഡോസ്‌കി (Robert Lewandowski), ഇല്‍കായ് ഗുണ്ടോഗന്‍ (Ilkay Gundogan), വിറ്റര്‍ റോക്വേ (Vitor Roque) എന്നിവര്‍ മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കായി ഗോള്‍ നേടി. സമു ഒമറോഡിയനാണ് (Samu Omorodion) ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ 23 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ (La Liga Points Table).
മെന്‍ഡിസൊറോസ സ്റ്റേഡിയത്തില്‍ ആതിഥേയരായ അലവെസിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റില്‍ തന്നെ സന്ദര്‍ശകരുടെ ബോക്‌സിനുള്ളിലേക്ക് കടന്നുകയറാന്‍ അവര്‍ക്കായി. തുടര്‍ന്നായിരുന്നു ബാഴ്‌സലോണ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.
പന്ത് കൈവശം കളി തുടങ്ങിയ ബാഴ്‌സലോണ മത്സരത്തിന്‍റെ 22-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഡിയോങ്ങ്, ഗുണ്ടോഗന്‍, ലെവന്‍ഡോസ്‌കി എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളായി മാറിയത്. ആദ്യ ഗോള്‍ നേടിയ ശേഷം കാര്യമായ മുന്നേറ്റങ്ങളൊന്നും ബാഴ്‌സയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
മറുവശത്ത്, സമനില ഗോള്‍ കണ്ടെത്താന്‍ അലവെസ് നല്ലതുപോലെ തന്നെ സമ്മര്‍ദം ചെലുത്തി. ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റില്‍ ബാഴ്‌സലോണയുടെ പ്രതിരോധത്തെ വെള്ളം കുടിപ്പിക്കാന്‍ അവര്‍ക്കായി. നിരവധി പ്രാവശ്യമായിരുന്നു ആതിഥേയര്‍ ഗോളിനരികില്‍ വരെയെത്തിയത്. ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ ഇനാകി പെനയുടെ തകര്‍പ്പന്‍ സേവുകളായിരുന്നു അലവെസിനെ സമനില ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.