കേപ്‌ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമായി ദക്ഷിണാഫ്രിക്കയുടെ പുത്തന്‍ താരോദയം ക്വെന മഫാക (Kwena Maphaka). സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ 8.2 ഓവര്‍ പന്തെറിഞ്ഞ താരം 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളായിരുന്നു നേടിയത്.
ടൂര്‍ണമെന്‍റില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരവും മഫാകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും 18 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം മുതല്‍ തന്നെ വിക്കറ്റ് വേട്ട തുടങ്ങാന്‍ ക്വെന മഫാകയ്‌ക്കായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിലായിരുന്നു താരം അഞ്ച് വിക്കറ്റ് നേട്ടം ആദ്യം സ്വന്തമാക്കിയത്. 9.1 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റായിരുന്നു താരം വിന്‍ഡീസിനെതിരെ നേടിയത്. സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു രണ്ടാമത് ക്വെന മഫാക അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.
പത്ത് ഓവറില്‍ 34 റണ്‍സായിരുന്നു ഈ മത്സരത്തില്‍ പ്രോട്ടീസ് പേസര്‍ വിട്ടുനല്‍കിയത്. ഇതിന് പിന്നാലെയാണ് ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ താരം ആറ് വിക്കറ്റ് പ്രകടനം നടത്തിയത് (Kwena Maphaka U19 World Cup 2024 Record). മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ കൗമാരപ്പട 119 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്‌തിരുന്നു.