കൊല്‍ക്കത്ത:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിന് മുന്നോടിയായി ജേസൺ റോയിക്ക് പകരക്കാരനായി ഫിൽ സാൾട്ടിനെ കൂടാരത്തിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders). ഐപിഎല്ലിന്‍റെ 17-ാം പതിപ്പില്‍ നിന്നും ഇംഗ്ലണ്ട് താരമായ ജേസൺ റോയ് ( Jason Roy) വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുകയായിരുന്നുവെന്ന് കൊല്‍ക്കത്ത പ്രസ്‌താവനയില്‍ അറിയിച്ചു. ഇംഗ്ലണ്ടിന്‍റെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഫില്‍ സാള്‍ട്ടിന്‍റെ (Phil Salt) രണ്ടാമത്തെ ഐപിഎല്‍ സീസണാണിത്.
കഴിഞ്ഞ സീസണില്‍ ഡൽഹി ക്യാപിറ്റൽസിനായി (Delhi Capitals) ആയിരുന്നു താരം കളിച്ചത്. എന്നാല്‍ 2024- (IPL 2024) സീസണിനായുള്ള ലേലത്തില്‍ 27-കാരന്‍ അണ്‍സോള്‍ഡായി. 1.5 കോടിയാണ് നിലവില്‍ കൊല്‍ക്കത്ത ഫില്‍ സാള്‍ട്ടിനായി മുടക്കിയിരിക്കുന്നത്.
ഇംഗ്ലണ്ടിനായി കഴിഞ്ഞ വർഷം ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുമായി താരം തിളങ്ങിയിരുന്നു. ട്രിനിഡാഡിൽ നടന്ന നാലാം ടി20യിൽ 48 പന്തുകളില്‍ നിന്നായിരുന്നു ഫില്‍ സാള്‍ട്ട് മൂന്നക്കത്തിലേക്ക് എത്തിയത്. ടി20യില്‍ ഒരു ഇംഗ്ലീഷ് താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.
ദേശീയ ടീമിനായി 21 ടി20കള്‍ കളിച്ച സാള്‍ട്ട് 165.97 സ്‌ട്രൈക്ക് റേറ്റില്‍ 639 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികള്‍ക്ക് പുറമെ രണ്ട് അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഒമ്പത് മത്സരങ്ങള്‍ കളിച്ച സാള്‍ട്ട് 163.91 സ്‌ട്രൈക്ക് റേറ്റിൽ 218 റൺസായിരുന്നു നേടിയത്.