അഹമ്മദാബാദ് : ഐപിഎല്‍ കിരീടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കില്‍ വിരാട് കോലി ഭാവിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിടണമെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണ്‍. ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ഹാരി കെയ്‌ൻ ഉള്‍പ്പടെയുള്ളവരെല്ലാം മികച്ച ഭാവിയും കൂടുതല്‍ നേട്ടങ്ങളും തേടി തങ്ങളുടെ മുൻ ക്ലബുകളെ വിട്ട ചരിത്രം നമുക്ക് മുന്‍പില്‍ ഉദാഹരണമായുണ്ടെന്നും കോലിയും അതുപോലെ ചെയ്യണമെന്നും പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ രാജസ്ഥാൻ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ തോറ്റ് ആര്‍സിബി പുറത്തായതിന് പിന്നാലെയാണ് പീറ്റേഴ്‌സണിന്‍റെ പ്രതികരണം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ കിരീടത്തിലേക്ക് എത്തുകയായിരുന്നു.
'ഇത് ഞാൻ മുന്‍പ് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്, അത് ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നു. മറ്റ് ഏതൊരു കായിക ഇനമെടുത്താലും അതിലെ മികച്ച താരങ്ങള്‍ എല്ലാം തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കാൻ തങ്ങളുടെ പഴയ ടീമിനെ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍, ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല.
കോലി കഠിനമായി തന്നെ പരിശ്രമിച്ചു, അവന് വീണ്ടും ഓറഞ്ച് ക്യാപ്പ് ലഭിച്ചു. ടീമിനായി വീണ്ടും പല കാര്യങ്ങളും ചെയ്‌തു, എന്നാല്‍ വീണ്ടും അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.