വിശാഖപട്ടണം:റെഡ് ബോള്‍ ക്രിക്കറ്റിലെ തന്‍റെ റണ്‍ വരള്‍ച്ചയ്‌ക്ക് വിരാമമിടാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) കഴിഞ്ഞിട്ടില്ല. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലും വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലും കാര്യമായ പ്രകടനമില്ലാതെയാണ് ഗില്‍ തിരിച്ച് കയറിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് ആകെ 57 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. (India vs England Test)
ഹൈദരാബാദില്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ഗില്‍, രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സായിരുന്നു നേടിയിരുന്നത്. വിശാഖപട്ടണത്തേക്ക് എത്തിയപ്പോള്‍ 34 റണ്‍സിലാണ് താരം ഒതുങ്ങിയത്. പതിവില്‍ നിന്നും വ്യത്യസ്‌തമായി മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്‌സിന്‍റെ കൈകളിലാണ് ഗില്‍ കുരുങ്ങിയത്.
അവസാനത്തെ ഏഴ് ടെസ്റ്റുകളിൽ നിന്നും 18.81 എന്ന നിരാശാജനകമായ ശരാശരിയിൽ 207 റൺസ് മാത്രമാണ് ഗില്ലിന്‍റെ സമ്പാദ്യം. ഇതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ ഫോം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഗില്ലിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യങ്ങളും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ 24-കാരന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. തന്‍റെ മികവിലേക്ക് ഉയരാന്‍ ഗില്ലിന് ആവശ്യമായ സമയം നല്‍കണമെന്നാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ആരാധകരോടും വിമർശകരോടും പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen) ഇതു സംബന്ധിച്ച പോസ്റ്റ് ഇട്ടിരിക്കുന്നത്.